തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒമ്പത് അർധരാത്രി മുതൽ ട്രോളിങ് നിരോധനം. ജൂലൈ 31 വരെ 52 ദിവസത്തേക്കാണ് നിരോധനം. കടലിലെ മത്സ്യങ്ങളുടെ പ്രജനനസമയമായതിനാലാണ് ഈ കാലയളവിൽ ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നത്. വിലക്ക് ലംഘിക്കുന്നവർക്ക് കനത്ത ശിക്ഷയുണ്ടാകും.
ഈ സമയത്ത് മുട്ടയിടാറായ മത്സ്യങ്ങൾ തീരക്കടലിൽ കൂടുതലായി കാണപ്പെടാറുണ്ട്. വൻതോതിൽ യന്ത്രവൽകൃത മത്സ്യബന്ധനം നടത്തിയാൽ മുട്ടയിടാറായ മത്സ്യങ്ങൾ വ്യാപകമായി വലയിലാവുകയും പുതിയ തലമുറ മത്സ്യക്കുഞ്ഞുങ്ങൾ ഇല്ലാതാവുകയും ചെയ്യും. ഇതോടെ കാലക്രമേണ കടലിലെ മത്സ്യസമ്പത്ത് ഗണ്യമായി കുറയാൻ കാരണമാകും. ഈ സാഹചര്യം ഒഴിവാക്കാനും കടൽ വിഭവങ്ങളുടെ സുസ്ഥിരത ഉറപ്പാക്കാനുമാണ് ഈ മാസങ്ങളിൽ ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നത്.






