വിയൻ്റിൻ: ലാവോസിലെ ഗുഹയിൽ കുടുങ്ങിയ ഏഴംഗ സംഘത്തിലെ ഒരാളെ 10 ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ച കണ്ടെത്തിയ അഞ്ചുപേരിൽ ഒരാളെയാണ് സുരക്ഷിതമായി പുറത്തെടുത്തത്. സംഘത്തിലെ മറ്റ് നാലുപേരും ഇപ്പോഴും ഗുഹയ്ക്കുള്ളിലാണുള്ളത്. രണ്ടുപേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
മെയ് 20-നാണ് സംഭവം നടന്നത്. ലാവോസ് തലസ്ഥാനമായ വിയൻ്റിനിൽ നിന്ന് 120 കിലോമീറ്റർ അകലെയുള്ള സെയ്‌സോംബൂൺ പ്രവിശ്യയിലെ മലനിരകളിലുള്ള ഗുഹയിൽ സ്വർണം തേടി ഇറങ്ങിയ ഏഴംഗ സംഘം മിന്നൽപ്രളയത്തെയും മണ്ണിടിച്ചിലിനെയും തുടർന്ന് കുടുങ്ങുകയായിരുന്നു.
ഗുഹയ്ക്കുള്ളിൽ ചില ഭാഗങ്ങളിൽ വളരെ ഇടുങ്ങിയ വഴികളായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായി. പിന്നീട് മുങ്ങൽ വിദഗ്ധർ നടത്തിയ പരിശോധനയിൽ ഗുഹാ കവാടത്തിൽ നിന്ന് ഏകദേശം 300 മീറ്റർ അകലെ അഞ്ചുപേരെ ജീവനോടെ കണ്ടെത്തി. വിശപ്പും ക്ഷീണവും അനുഭവപ്പെട്ടിരുന്ന ഇവർക്ക് നെഞ്ചുവേദനയുണ്ടെന്നും രക്ഷാപ്രവർത്തകരെ അറിയിച്ചു. ആദ്യം ഗുഹയിലെ വെള്ളം നീക്കം ചെയ്ത് എല്ലാവരെയും രക്ഷപ്പെടുത്താനായിരുന്നു ശ്രമം. എന്നാൽ അത് വിജയിക്കാത്തതിനെ തുടർന്ന് മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെയാണ് രക്ഷാദൗത്യം തുടരുന്നത്.
തായ്‌ലൻഡ്, ഇന്തോനേഷ്യ, ഫ്രാൻസ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. ശേഷിക്കുന്ന നാലുപേരെ രക്ഷപ്പെടുത്താനുള്ള നടപടികൾ തുടരുകയാണെന്നും കാണാതായ രണ്ടുപേർക്കായുള്ള തെരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.






