ലണ്ടന്‍: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബ്രിട്ടനിലെത്തി. ചാള്‍സ് രാജാവിന്റെ അതിഥിയായാണു ട്രംപിന്റെ സന്ദര്‍ശനം. ഭാര്യ മെലാനിയയോടൊപ്പം രാത്രിയാണ് ട്രംപ് എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ ലണ്ടന്‍ സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തില്‍ ഇറങ്ങിയത്. ട്രംപിന്റെ ബ്രിട്ടനിലെ രണ്ടാമത്തെ ഔദ്യോഗിക സന്ദര്‍ശനമാണിത്. 2019 ലായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനം. നാളെ വിന്‍ഡ്സര്‍ കൊട്ടാരത്തില്‍ വച്ച് ചാള്‍സ് മൂന്നാമന് രാജാവുമായി ട്രംപ് കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മറുമായും ട്രംപ് കൂടിക്കാഴ്ച നടത്തും.
രാജാവും ഭരണകൂടവും ചുവപ്പു പരവതാനി വിരിച്ച് സ്വീകരണത്തിനിടയിലും ട്രംപിനെ എതിര്‍ക്കുന്നവര്‍ കനത്ത പ്രതിഷേധവുമായി തെരുവിലിരങ്ങിയിട്ടുണ്ട്. ശക്തമായ സുരക്ഷാ മുന്‍കരുതലുകള്‍ ഉണ്ടായിട്ടും എഴുപതോളം വരുന്ന പ്രതിഷേധക്കാര്‍ ഇന്നലെ രാത്രി തന്നെ വിന്‍സര്‍ കൊട്ടാരത്തിനു മുന്നില്‍ ട്രംപിനെതിരെ പ്ലക്കാര്‍ഡുകളും പ്രതിഷേധ മുദ്രാവാക്യങ്ങളുമായെത്തി. ലണ്ടന്‍ മേയര്‍ സാദിഖ് ഖാന് ഉള്‍പ്പെടെയുള്ള ട്രംപിന്റെ വിമര്‍ശകരും വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണ്.






