വാഷിങ്ടൺ: യൂറോപ്യൻ യൂണിയനിൽ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്കും ട്രക്കുകൾക്കും 25 ശതമാനം അധിക തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യൽ വഴിയാണ് അദ്ദേഹം ഇത് അറിയിച്ചത്.
അടുത്ത ആഴ്ച മുതൽ പുതിയ തീരുവ പ്രാബല്യത്തിൽ വരുമെന്ന് ട്രംപ് പറഞ്ഞു. യൂറോപ്യൻ യൂണിയൻ യുഎസുമായുള്ള വ്യാപാര കരാർ പാലിച്ചില്ലെന്നാണ് നടപടിക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കാറുകളും ട്രക്കുകളും അമേരിക്കയിലെ ഫാക്ടറികളിൽ നിർമിക്കുന്നുവെങ്കിൽ ഈ അധിക തീരുവ ബാധകമാകില്ലെന്നും ട്രംപ് അറിയിച്ചു. കഴിഞ്ഞ വർഷം ജൂലായിൽ യൂറോപ്യൻ യൂണിയനുമായി ഉണ്ടായ കരാറനുസരിച്ച് ഇറക്കുമതി തീരുവ പരമാവധി 15 ശതമാനമായിരുന്നു.




