പ്രയാഗ്‌രാജ്: പൊതുസ്ഥലങ്ങളിൽ നിസ്‌കാരവും മറ്റ് മതപരമായ ഒത്തുചേരലുകളും അവകാശമായി ഉന്നയിക്കാൻ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലെ ഇക്കോണ ഗ്രാമത്തിലെ ഒരു സ്ഥലത്ത് നിസ്‌കാരം നടത്താൻ അനുമതി തേടി സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. ആസീൻ എന്ന വ്യക്തിയാണ് ഹർജി നൽകിയത്.
തന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിസ്‌കാരം നടത്തുന്നത് അധികൃതർ തടയുകയാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ, റവന്യൂ രേഖകൾ പ്രകാരം ആ സ്ഥലം പൊതുപ്രയോജനത്തിനായുള്ള ഭൂമിയാണെന്നും, അവിടെ പാരമ്പര്യമായി പെരുന്നാൾ സമയങ്ങളിൽ മാത്രമാണ് നിസ്‌കാരം നടക്കാറുള്ളതെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ജസ്റ്റിസ് ഗരിമ പ്രസാദ്, ജസ്റ്റിസ് സരൾ ശ്രീവാസ്തവ എന്നിവരടങ്ങിയ ബെഞ്ച്, മതസ്വാതന്ത്ര്യം ഭരണഘടനയിൽ ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും അത് പൊതുക്രമം, ധാർമ്മികത, ആരോഗ്യം എന്നിവയ്ക്ക് വിധേയമാണെന്ന് നിരീക്ഷിച്ചു. പൊതുസ്ഥലങ്ങൾ എല്ലാവർക്കും ഉപയോഗിക്കാനുള്ളതാണെന്നും അവിടെ സ്ഥിരമായി മതപരമായ ചടങ്ങുകൾ നടത്തുന്നത് മറ്റുള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യത്തെയും പൊതുസമാധാനത്തെയും ബാധിക്കാമെന്നും കോടതി വ്യക്തമാക്കി.
വ്യക്തിപരമായ പ്രാർത്ഥനകൾക്ക് സംരക്ഷണമുണ്ടെങ്കിലും, അത് വലിയ ഒത്തുചേരലുകളായി മാറി പൊതുസമൂഹത്തെ ബാധിക്കുന്നുവെങ്കിൽ സർക്കാർ നിയന്ത്രണം ഏർപ്പെടുത്താൻ അധികാരമുള്ളതാണെന്നും കോടതി പറഞ്ഞു. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
ഹർജിക്കാരൻ ഭൂമിയുടെ വ്യക്തമായ ഉടമസ്ഥാവകാശം തെളിയിക്കാനാകാത്തതിനാലും, വലിയ തോതിലുള്ള ഒത്തുചേരലുകൾക്ക് ശ്രമിക്കുന്നുവെന്ന സർക്കാരിന്റെ വാദം അംഗീകരിച്ചതിനാലും ഹർജി കോടതി തള്ളുകയായിരുന്നു.






