കോഴിക്കോട്: 26 വയസ്സുകാരിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്തായ യുവതിക്കെതിരെ ആരോപണവുമായി കുടുംബം രംഗത്ത്. കോഴിക്കോട് ഫറോക്ക് സ്വദേശിനി അതുല്യയാണ് കഴിഞ്ഞ തിങ്കളാഴ്ച വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അതുല്യയുടെ സുഹൃത്തായ കൊടുങ്ങല്ലൂർ സ്വദേശിനി അനുശ്രീക്കെതിരെയാണ് കുടുംബം പരാതി ഉന്നയിച്ചിരിക്കുന്നത്. അനുശ്രീക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് കുടുംബം അറിയിച്ചു.
അനുശ്രീ അതുല്യയുടെ പണവും സ്വർണവും കൈപ്പറ്റിയിരുന്നുവെന്നും, പിന്നീട് അത് തിരികെ നൽകാതിരുന്നതിനെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് കുടുംബത്തിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട അതുല്യയുടെ ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്.
ബിടെക് പഠനത്തിന് ശേഷം കൊച്ചിയിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും പരിചയപ്പെട്ടതെന്ന് ബന്ധുക്കൾ പറയുന്നു. അനുശ്രീ ആവശ്യപ്പെട്ടതിനെ തുടർന്ന് പണവും സ്വർണവും നൽകിയിരുന്നുവെന്നും പിന്നീട് തിരികെ ചോദിച്ചപ്പോൾ നൽകാൻ തയ്യാറായില്ലെന്നും കുടുംബം ആരോപിക്കുന്നു. പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയ ശേഷം സംസ്കരിച്ചു. പൊലീസ് വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






