ന്യൂഡൽഹി: ഡൽഹിയിലെ സ്വകാര്യ അൺഎയ്ഡഡ് സ്കൂളുകൾക്ക് ഒരു മാസത്തേക്കാൾ കൂടുതലുള്ള ഫീസ് ഒരുമിച്ച് അടയ്ക്കാൻ രക്ഷിതാക്കളോട് നിർബന്ധിക്കാനാകില്ലെന്ന് ഡയറക്ടറേറ്റ് ഓഫ് എജ്യുക്കേഷൻ വ്യക്തമാക്കി. വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്.
ചില സ്കൂളുകൾ ദ്വൈമാസികമായോ ത്രൈമാസികമായോ മുൻകൂറായോ ഫീസ് അടയ്ക്കാൻ രക്ഷിതാക്കളെ നിർബന്ധിക്കുന്നതായി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടി. ഇത്തരം രീതികൾ താഴ്ന്ന വരുമാനക്കാരെയും ഇടത്തരം കുടുംബങ്ങളെയും കൂടുതൽ ബാധിക്കുന്നുവെന്നും ഉത്തരവിൽ പറയുന്നു.
ഒരു മാസത്തിലധികം ഫീസ് ഒരുമിച്ച് അടക്കാൻ രക്ഷിതാക്കൾക്ക് ഓപ്ഷൻ നൽകാമെങ്കിലും അത് നിർബന്ധമാക്കരുതെന്ന് നിർദ്ദേശമുണ്ട്. പ്രവേശനം, പഠനം തുടരൽ എന്നിവയ്ക്കായി കൂടുതൽ മാസത്തേക്കുള്ള ഫീസ് ആവശ്യപ്പെടാനും പാടില്ല.
ഈ നിർദ്ദേശങ്ങൾ ലംഘിച്ചാൽ ഡൽഹി സ്കൂൾ വിദ്യാഭ്യാസ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഉത്തരവിനെ രക്ഷിതാക്കൾ സ്വാഗതം ചെയ്തു. ഒരുമിച്ച് വലിയ തുക അടയ്ക്കേണ്ട ബാധ്യത കുറയുന്നതിനാൽ ഇത് സഹായകരമാകുമെന്ന് അവർ പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽമാരും ഈ തീരുമാനം പിന്തുണച്ചിട്ടുണ്ട്.






