ജനറിക് മരുന്നുകൾക്ക് ഘട്ടംഘട്ടമായി തീരുവ വർധിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നീക്കം തുടങ്ങി. 2028 ഓഗസ്റ്റ് മുതൽ തീരുവ 100 ശതമാനമായും 2029 ഓഗസ്റ്റ് മുതൽ 200 ശതമാനമായും ഉയർത്താനാണ് പദ്ധതി. തീരുമാനം പുറത്തുവന്നതിന് പിന്നാലെ ഇന്ത്യൻ ഫാർമ കമ്പനികളുടെ ഓഹരികൾക്ക് തിരിച്ചടി നേരിട്ടു. സൺ ഫാർമ, സിപ്ല, ലുപിൻ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ 2.5 ശതമാനം വരെ ഇടിഞ്ഞു.
അമേരിക്കയിൽ തന്നെ കൂടുതൽ ഔഷധ നിർമാണം നടത്തുക എന്ന ‘അമേരിക്ക ഫസ്റ്റ്’ നയത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഇന്ത്യൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് മരുന്നുകൾ കയറ്റുമതി ചെയ്യുന്ന കമ്പനികൾക്ക് വിതരണ ശൃംഖല മാറ്റുന്നതിനായി രണ്ട് വർഷത്തെ സമയം അനുവദിക്കും.
ഈ കാലയളവിൽ കമ്പനികൾക്ക് അമേരിക്കയിൽ പുതിയ നിർമാണ യൂണിറ്റുകൾ ആരംഭിക്കുകയോ നിലവിലുള്ള യൂണിറ്റുകൾ വികസിപ്പിക്കുകയോ ചെയ്യാം. എന്നാൽ ദീർഘകാലത്തിൽ പുതിയ തീരുവ നയം ആഗോള ഫാർമ മേഖലയ്ക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.




