കൊച്ചി: കൊച്ചി തോപ്പുംപടിയിലെ പിക് ആൻഡ് സേവ് സൂപ്പർ മാർക്കറ്റിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി ഏകദേശം 62 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സ്ഥാപനത്തിലെ മുൻ ജീവനക്കാരായ രണ്ടുപേരെ തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി ഹോളി ക്രോസ് നഗർ സ്വദേശിനി എം.എ. സനമോൾ (31), പള്ളുരുത്തി സ്വദേശി രഞ്ജു സാജ് എബ്രഹാം (23) എന്നിവരാണ് പിടിയിലായത്.
2022 മേയ് മുതൽ 2025 ഒക്ടോബർ വരെ ബില്ലിങ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന സനമോൾ കൗണ്ടറിൽ നിന്ന് പണം തുടർച്ചയായി അപഹരിച്ച് രഞ്ജുവിന് കൈമാറിയെന്നാണ് പൊലീസ് പറയുന്നത്. തട്ടിയെടുത്ത തുക രഞ്ജുവിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് നിക്ഷേപിച്ചിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
കണക്കുകളിൽ ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സൂപ്പർ മാർക്കറ്റ് ഉടമ ഇരുവരെയും നിരീക്ഷിക്കുകയും പിന്നീട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. അന്വേഷണം ആരംഭിച്ചതോടെ സനമോൾ വിദേശത്തേക്ക് കടന്നിരുന്നു. തുടർന്ന് ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
സനമോൾ കൊച്ചിയിലേക്ക് മടങ്ങിയെത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. ലുക്ക് ഔട്ട് നോട്ടീസ് നിലനിന്നിരുന്നതിനാൽ നേപ്പാൾ വഴിയാണ് ഇവർ ഇന്ത്യയിൽ പ്രവേശിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. പിന്നീട് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




