തൃശ്ശൂർ: വടക്കാഞ്ചേരിയിൽ വീണ്ടും വിദ്യാർത്ഥികളെ കയറ്റാതെ സ്വകാര്യ ബസുകൾ സർവീസ് നടത്തിയെന്ന പരാതിയുമായി വിദ്യാർത്ഥികൾ രംഗത്ത്. തിരൂർ, തൃശ്ശൂർ ഭാഗങ്ങളിലേക്കുള്ള സ്വകാര്യ ബസുകളാണ് വിദ്യാർത്ഥികൾക്ക് യാത്ര നിഷേധിച്ചതെന്നാണ് പരാതി.
ബസിൽ കയറാൻ അനുവദിക്കാത്തതിനെ തുടർന്ന് ചില വിദ്യാർത്ഥികൾക്ക് വീട്ടിലേക്ക് മടങ്ങേണ്ടിവന്നതായും അവർ വ്യക്തമാക്കി. സംഭവത്തിൽ വിദ്യാർത്ഥികൾ വടക്കാഞ്ചേരി പൊലീസിൽ പരാതി നൽകി.
പരാതിക്ക് പിന്നാലെ പൊലീസും മോട്ടോർ വാഹന വകുപ്പും അതിവേഗ നടപടിയിലേക്ക് കടന്നു. വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ ഇന്ന് രാവിലെ ഇരുവിഭാഗവും ചേർന്ന് സംയുക്ത പരിശോധന നടത്തി. വിദ്യാർത്ഥികളെ കയറ്റാതെ സർവീസ് നടത്തിയതായി കണ്ടെത്തിയ ബസ് ജീവനക്കാർക്ക് പൊലീസ്, മോട്ടോർ വാഹന വകുപ്പ് അധികൃതർ എന്നിവർ കർശന മുന്നറിയിപ്പ് നൽകി.
വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾക്ക് യാത്ര നിഷേധിക്കുന്ന സംഭവങ്ങൾ മുമ്പും വിവാദമായിരുന്നു. നേരത്തെ ബസിൽ കയറാൻ അനുവദിക്കാത്ത കണ്ടക്ടറോട് ഒരു വിദ്യാർത്ഥി കൈകൂപ്പി അഭ്യർഥിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വലിയ ചർച്ചയാകുകയും ചെയ്തിരുന്നു.











