വാഷിങ്ടണ്‍: വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥികളെ ഇലോണ്‍ മസ്ക് പിന്തുണച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇലോണ്‍ മസ്കുമായുള്ള സൗഹൃദം പുനഃസ്ഥാപിക്കാന്‍ ആലോചിക്കുന്നില്ലെന്നും രാജ്യാന്തര മാധ്യമത്തിനു നല്കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി. ടെസ്ല സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്കുമായുള്ള ബന്ധം അവസാനിച്ചുവെന്നാണു കരുതുന്നതെന്നായിരുന്നു ഇതു സംബന്ധിച്ച ചോദ്യത്തിന് ട്രംപിന്റെ മറുപടി.
”ഞാന്‍ മറ്റു കാര്യങ്ങളില്‍ വളരെ തിരക്കിലാണ്. വലിയ ഭൂരിപക്ഷത്തോടെയാണ് ഞാന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഇതു സംഭവിക്കുന്നതിനു വളരെ മുമ്പേ ഞാന്‍ അദ്ദേഹത്തിനു ധാരാളം അവസരങ്ങള്‍ നല്കി. എന്റെ ആദ്യ ഭരണകാലത്ത് ഞാന്‍ അദ്ദേഹത്തിന് അവസരങ്ങള്‍ നല്‍കുകയും അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കുകയും ചെയ്തു. അദ്ദേഹവുമായി സംസാരിക്കാന്‍ ഇനി ഉദ്ദേശിക്കുന്നില്ല. 2026ല്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പുകളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥികളെ ഇലോണ്‍ മസ്ക് പിന്തുണയ്ക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ മസ്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും,” ട്രംപ് പറഞ്ഞു.
എന്നാല്‍ പ്രത്യാഘാതങ്ങള്‍ എന്തായിരിക്കുമെന്നു വെളിപ്പെടുത്താന്‍ ട്രംപ് തയാറായില്ല. ഇരുവരും തമ്മിലുള്ള ബന്ധം വഷളായതോടെ ഇലോണ്‍ മസ്കിന്റെ കമ്പനികള്‍ക്ക് യുഎസ് സര്‍ക്കാരിന്റെ കരാറുകളും സബ്സിഡികളും നല്‍കുന്നത് നിര്‍ത്തലാക്കുമെന്ന് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.



