ചെന്നൈ: തമിഴ്നാട്ടിലെ ഉപതെരഞ്ഞെടുപ്പിൽ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) മുന്നേറ്റം തുടരുന്നു. മധുരാന്തകത്ത് ടിവികെ വിജയം ഉറപ്പിച്ചപ്പോൾ ധാരാപുരത്ത് പാർട്ടിയുടെ ലീഡ് 8,000 വോട്ടായി ഉയർന്നു. രണ്ട് മണ്ഡലങ്ങളിലും ഡിഎംകെയാണ് രണ്ടാം സ്ഥാനത്ത്. അതേസമയം, പുതുച്ചേരിയിലെ തട്ടാൻചാവടി മണ്ഡലത്തിൽ എൻഡിഎ സഖ്യത്തിലെ എൻആർ കോൺഗ്രസ് വിജയം നേടി.
അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് പരീക്ഷണത്തിൽ ടിവികെയുടെ മുന്നേറ്റം ശ്രദ്ധേയമായി. എഐഎഡിഎംകെ എംഎൽഎമാരെ രാജിവെപ്പിച്ച് ടിവികെയിലേക്ക് എത്തിച്ച നീക്കത്തിനും വോട്ടർമാരുടെ പിന്തുണ ലഭിച്ചെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.
ഏപ്രിലിൽ 17,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എഐഎഡിഎംകെ വിജയിച്ച ധാരാപുരത്ത് വോട്ടെണ്ണലിന്റെ അഞ്ചാം റൗണ്ട് വരെ ടിവികെയ്ക്ക് ലീഡ് നേടാനായിരുന്നില്ല. എന്നാൽ പിന്നീട് മുന്നിലെത്തിയ പാർട്ടി ലീഡ് വർധിപ്പിച്ചു. വോട്ടെണ്ണൽ പകുതിയായപ്പോൾ ഡിഎംകെ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നത് ടിവികെ സ്ഥാനാർഥി പി. സത്യഭാമയ്ക്ക് ആശ്വാസമായി.
മധുരാന്തകത്ത് ഓരോ റൗണ്ടിലും ലീഡ് വർധിപ്പിച്ച മരഗതം കുമരവേലിന്റെ വിജയവും ടിവികെയ്ക്ക് പ്രതീക്ഷ നൽകുന്നു. ഇവർക്ക് മന്ത്രിസഭയിൽ ഇടം ലഭിച്ചേക്കുമെന്ന പ്രതീക്ഷയും ഉയരുന്നുണ്ട്. സഖ്യകക്ഷികളെ നഷ്ടമായ സാഹചര്യത്തിലും മുന്നേറ്റം തുടരാനായതിൽ ഡിഎംകെയും ആശ്വാസത്തിലാണ്.
അതേസമയം, ഒറ്റയ്ക്ക് മത്സരിച്ച സിപിഎമ്മിനും സിപിഐക്കും വോട്ടെണ്ണൽ പകുതിയായപ്പോഴും 1,000 വോട്ട് പോലും നേടാനായില്ലെന്നാണ് റിപ്പോർട്ട്. പുതുച്ചേരിയിൽ മുഖ്യമന്ത്രി എൻ. രംഗസ്വാമി ഒഴിഞ്ഞ തട്ടാൻചാവടി മണ്ഡലം എൻആർ കോൺഗ്രസ് സ്ഥാനാർഥി അശോക് ആനന്ദിലൂടെ എൻഡിഎ നിലനിർത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 4,441 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലത്തിൽ ഇത്തവണ ഭൂരിപക്ഷം ഇരട്ടിയാക്കാനായതും എൻആർ കോൺഗ്രസിന് നേട്ടമായി.


