ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിൽ ആരുമായും സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനമെന്ന് ടിവികെ നേതൃത്വം വ്യക്തമാക്കി. പാർട്ടി ജനറൽ സെക്രട്ടറി സി.ടി.ആർ. നിർമൽ കുമാർ ആണ് ഇക്കാര്യം അറിയിച്ചത്. എൻഡിഎ സഖ്യത്തിലേക്ക് ടിവികെയെ എത്തിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്.
ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിലൂടെ ടിവികെയുമായി ബിജെപി ചർച്ച നടത്തുന്നതായും എൻഡിഎ സഖ്യത്തിൽ ചേർന്നാൽ 80 സീറ്റുകളും ഉപമുഖ്യമന്ത്രിപദവും വാഗ്ദാനം ചെയ്തുവെന്നുമുള്ള വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. കൂടാതെ കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സി.ബി.ഐ. കേസും ‘ജനനായകൻ’ സിനിമയുടെ സെൻസർ പ്രശ്നവും ടിവികെ നേതാവ് വിജയിയെ സമ്മർദത്തിലാക്കാൻ ബിജെപി ഉപയോഗിക്കുന്നുവെന്ന ആരോപണങ്ങളും ഉയർന്നിരുന്നു.
ഡി.എം.കെ.യെ രാഷ്ട്രീയ ശത്രുവായും ബിജെപിയെ പ്രത്യയശാസ്ത്ര ശത്രുവായും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ടിവികെയെ സഖ്യത്തിലേക്ക് കൊണ്ടുവരാൻ ബിജെപി ദേശീയ നേതൃത്വത്തിന്റെ ശ്രമം തുടരുന്നതായാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെയാണ് സഖ്യമില്ലെന്ന നിലപാട് ടിവികെ വ്യക്തമാക്കിയത്.
അതേസമയം, വിവിധ മണ്ഡലങ്ങളിലെ ജയസാധ്യത വിലയിരുത്താൻ വെള്ളിയാഴ്ച ചേർന്ന ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ സഖ്യം വേണമെന്ന അഭിപ്രായവും ഉയർന്നിരുന്നു. 234 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്താൻ കഴിയുമെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വലിയ ചെലവ് വഹിക്കാൻ കഴിയുന്ന നേതാക്കൾ കുറവാണെന്ന് ജില്ലാ നേതാക്കൾ ചൂണ്ടിക്കാട്ടി. ഒരു മണ്ഡലത്തിൽ ശരാശരി അഞ്ചുകോടി രൂപവരെ ചെലവ് വരുമെന്നതിനാൽ ഒറ്റയ്ക്ക് മത്സരിക്കുന്നത് പ്രയാസകരമാണെന്നും ചിലർ അഭിപ്രായപ്പെട്ടു.
എന്നാൽ ഈ അഭിപ്രായങ്ങൾക്കിടയിലും സഖ്യമില്ലാതെ മത്സരിക്കണമെന്ന നിലപാടിലാണ് പാർട്ടി നേതൃത്വം അന്തിമ തീരുമാനത്തിലെത്തിയത്. ബിജെപിയുമായി സഖ്യമുണ്ടാക്കിയാൽ വിജയിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കുമോയെന്ന ചോദ്യം മുമ്പ് നിർമൽ കുമാർ ഉയർത്തിയിരുന്നു. അതേസമയം, ടിവികെയുമായി സഖ്യം ഉണ്ടാകുമോയെന്ന ചോദ്യത്തിന് തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറി.






