ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പോളിങ് ബൂത്തിൽ വയോധികയായ വോട്ടറോട് ‘വിസിൽ’ ചിഹ്നത്തിൽ വോട്ട് ചെയ്യാൻ നിർദേശിച്ചെന്ന പരാതിയിൽ പോളിങ് ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്ന് നീക്കി. സംഭവത്തെ തുടർന്ന് ഏകദേശം ഒരു മണിക്കൂറോളം തടസപ്പെട്ട പോളിങ് പിന്നീട് പുതിയ ഉദ്യോഗസ്ഥയുടെ മേൽനോട്ടത്തിൽ പുനഃരാരംഭിച്ചു.
ധാരാപുരം മണ്ഡലത്തിലെ കൊളിഞ്ചിവാടി മേഖലയിലെ പോളിങ് ബൂത്തിലാണ് സംഭവം. തങ്കമണി എന്ന പോളിങ് ഉദ്യോഗസ്ഥൻ തമിഴക വെട്രി കഴകത്തിന് (ടിവികെ) അനുവദിച്ച ‘വിസിൽ’ ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്താൻ വയോധികയോട് നിർദേശിച്ചതായാണ് ആരോപണം.
സംഭവം അറിഞ്ഞതോടെ രാഷ്ട്രീയ പാർട്ടി ഏജന്റുമാരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ ബൂത്തിൽ സംഘർഷാവസ്ഥ രൂപപ്പെടുകയും പോളിങ് നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. ധാരാപുരം പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ ശാന്തരാക്കിയ ശേഷമാണ് നടപടികൾ പുനഃക്രമീകരിച്ചത്.
പരാതിയിൽ അന്വേഷണം നടത്തിയതിന് പിന്നാലെ തങ്കമണിയെ ചുമതലയിൽ നിന്ന് മാറ്റാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. പകരം രാജമ്മാളിനെ പുതിയ പോളിങ് ഉദ്യോഗസ്ഥയായി നിയമിച്ചു. തുടർന്ന് വോട്ടെടുപ്പ് പുനഃരാരംഭിച്ചു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനും ക്രമസമാധാനം ഉറപ്പാക്കുന്നതിനുമായി നൂറിലധികം പൊലീസുകാരെയും പ്രദേശത്ത് വിന്യസിച്ചു.
തമിഴ്നാട്ടിലെ മധുരാന്തകം, ധാരാപുരം നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒടുവിലെ റിപ്പോർട്ടുകൾ പ്രകാരം മധുരാന്തകത്ത് 83.86 ശതമാനവും ധാരാപുരത്ത് 78.53 ശതമാനവും പോളിങ് രേഖപ്പെടുത്തി.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ രണ്ട് മണ്ഡലങ്ങളിൽനിന്നും വിജയിച്ച എഐഎഡിഎംകെ എംഎൽഎമാർ രാജിവെച്ച് ടിവികെയിൽ ചേർന്നതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മധുരാന്തകത്ത് രാജിവെച്ച കെ. കുമാരവേലിനെയും ധാരാപുരത്ത് പി. സത്യഭാമയെയുമാണ് ടിവികെ സ്ഥാനാർഥികളാക്കിയിരിക്കുന്നത്.
ടിവികെ, ഡിഎംകെ, എഐഎഡിഎംകെ എന്നിവയ്ക്ക് പുറമെ ഇടതുപാർട്ടികളും മത്സരരംഗത്തുള്ളതിനാൽ രണ്ട് മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്.


