കൊച്ചി: ആലുവയിൽ തെരുവ് നായകളെ ക്രൂരമായി പിടികൂടി കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. വാൽപ്പാറ സ്വദേശി പുനീത് രാജ് (55), വരാപ്പുഴ മണ്ണന്തുരുത്ത് സ്വദേശി രഞ്ജൻ (64) എന്നിവരെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 27-ന് രാവിലെ ആലുവ ദേശം കുന്നുംപുറം ഭാഗത്തായിരുന്നു സംഭവം. പ്രതികൾ തെരുവ് നായകളെ കുടുക്കിട്ട് പിടിച്ച ശേഷം കെട്ടിവലിച്ച് കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്.
സംഭവം ശ്രദ്ധയിൽപ്പെട്ട ഒരു മൃഗസ്നേഹി മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയും തെളിവുകൾ സഹിതം പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.
ഇൻസ്പെക്ടർ ബി.കെ. അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടിയത്.






