മലപ്പുറം: കൊണ്ടോട്ടി- കൊളപ്പുറം റോഡിലെ കുന്നുംപുറം മുല്ലപ്പടിയില് ഉണ്ടായ ദാരുണമായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങി. പുത്തൂര്‍ പള്ളിക്കല്‍ സ്വദേശി വി ശിവദാസന്റെ മകന് ആദര്‍ശ് (17) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 27-ന് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ജീപ്പും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ആദര്‍ശിന് ഗുരുതരമായി പരിക്കേറ്റത്.
അപകടത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലുമായി ദീര്‍ഘകാലം ചികിത്സയിലായിരുന്നു. തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തില്‍ കഴിയവെയായിരുന്നു അന്ത്യം. ആദര്‍ശിന്റെ വിയോഗത്തോടെ മുല്ലപ്പടി അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.










