ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യത്തിൽ സേവനമനുഷ്ഠിക്കുമ്പോൾ ജീവൻ ബലിയർപ്പിച്ച രണ്ട് ഇന്ത്യൻ സൈനികർക്കു മരണാനന്തര ബഹുമതി പ്രഖ്യാപിച്ചു. ലാൻസ് ഹവിൽദാർ ഹർഭജൻ സിങ്ങിനും നായിബ് സുബേദാർ സുജിത് കുമാർ പ്രധാനിനും യുഎന്റെ ഡാഗ് ഹാമാർസ്കോൾഡ് മെഡൽ സമ്മാനിക്കും.
ഇതോടൊപ്പം ഇന്ത്യൻ സൈന്യത്തിലെ മേജർ അഭിലാഷ ബരാക് 2025ലെ യുഎൻ മിലിട്ടറി ജെൻഡർ അവാർഡ് ഏറ്റുവാങ്ങും. ഇന്ത്യയിലെ ആദ്യ വനിതാ കോംബാറ്റ് ഹെലികോപ്റ്റർ പൈലറ്റായ മേജർ അഭിലാഷ ബരാക്കിന് ലെബനനിലെ സമാധാന ദൗത്യത്തിനിടെ സ്ത്രീകളുമായും പെൺകുട്ടികളുമായും നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് പുരസ്കാരം ലഭിക്കുന്നത്.
മേയ് 29ന് നടക്കുന്ന അന്താരാഷ്ട്ര യുഎൻ സമാധാന ദൗത്യദിനാചരണത്തിന്റെ ഭാഗമായാണ് പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാധാന ദൗത്യത്തിനിടെ ജീവത്യാഗം ചെയ്ത സേനാംഗങ്ങളെ അനുസ്മരിക്കാനാണ് ഈ ദിനം ആചരിക്കുന്നത്.
മേജർ സുമൻ ഗവാനിക്കും മേജർ രാധിക സെന്നിനും ശേഷം ഈ പുരസ്കാരം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയാണ് മേജർ അഭിലാഷ ബരാക്. നിലവിൽ യുഎൻ ലെബനൻ ഇടക്കാല ദൗത്യമായ UNIFIL-ൽ ഫീമെയിൽ എൻഗേജ്‌മെന്റ് ടീമിന്റെ കമാൻഡറായാണ് അവർ സേവനം അനുഷ്ഠിക്കുന്നത്.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ MONUSCO ദൗത്യത്തിൽ സേവനമനുഷ്ഠിച്ച ഹർഭജൻ സിങ്ങിനും ദക്ഷിണ സുഡാനിലെ UNMISS ദൗത്യത്തിൽ പ്രവർത്തിച്ച സുജിത് കുമാർ പ്രധാനിനുമാണ് മരണാനന്തര ബഹുമതി ലഭിക്കുന്നത്. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആണ് മെഡലുകൾ സമ്മാനിക്കുക.
നിലവിൽ ഇന്ത്യ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒമ്പത് യുഎൻ സമാധാന ദൗത്യങ്ങളിൽ 4,200-ലധികം സൈനികരെയും പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ടെന്ന് യുഎൻ അറിയിച്ചു. ഇതിൽ 155 വനിതകളും ഉൾപ്പെടുന്നു.






