യുപി: ഹമീർപൂർ ജില്ലയിൽ നിർമ്മാണത്തിലിരുന്ന പാലത്തിന്റെ ഒരു ഭാഗം തകർന്നു വീണ് ആറു തൊഴിലാളികൾക്ക് ദാരുണാന്ത്യം. ബേത്വ നദിക്ക് കുറുകെ നിർമിച്ചുകൊണ്ടിരുന്ന പാലത്തിലാണ് അപകടമുണ്ടായത്. ലോകേന്ദ്ര നിഷാദ് (22), കുൽദീപ് നിഷാദ് (19), സാവന്ത് യാദവ് (28), സഭജീത് (30), പുഷ്പേന്ദ്ര സിംഗ് ചൗഹാൻ (34), രാജേഷ് പാൽ (42) എന്നിവരാണ് മരിച്ചത്. ഇവർ ബന്ദ, ഹമീർപൂർ സ്വദേശികളാണ്.
ഇന്ന് പുലർച്ചെ മൂന്നുമണിയോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് പാലത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നു വീണത്. രാത്രി ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളും മഴയിൽ നിന്ന് രക്ഷപ്പെടാൻ പാലത്തിന് താഴെ വിശ്രമിച്ചിരുന്നവരുമാണ് അപകടത്തിൽപ്പെട്ടത്.
സംസ്ഥാന ദുരന്ത നിവാരണ സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. തകർന്ന സ്ലാബുകൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുത്തു. ചില തൊഴിലാളികൾ പാലത്തിന്റെ തൂണുകളിൽ കുടുങ്ങിയ നിലയിലുണ്ടായിരുന്നുവെന്നും അവരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.
സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ലാൽപുര പൊലീസ് സ്റ്റേഷൻ പരിധിയിലെ മോരകന്ദർ പർസാനി ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. കുരാര മേഖലയെ ബന്ധിപ്പിക്കുന്ന പാലമായിരുന്നു ഇത്.






