തിരുവനന്തപുരം: എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ ഷാഡോ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പള്ളിക്കൽ മേഖലയിൽ കാറിൽ കടത്തുകയായിരുന്ന 58 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. മലപ്പുറം കരുവാരകുണ്ട് സ്വദേശി ഷാഫി (24), കൊല്ലം പാരിപ്പള്ളി എഴിപ്പുറം സ്വദേശി ഷേക്ക് അഹമ്മദ് (25) എന്നിവരാണ് പിടിയിലായത്. പാരിപ്പള്ളി മെഡിക്കൽ കോളേജ് പരിസരം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്ന സംഘത്തിലെ പ്രധാനികളാണ് പ്രതികളെന്ന് പോലീസ് അറിയിച്ചു. രഹസ്യവിവരത്തെ തുടർന്നാണ് ഷാഡോ പോലീസ് പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ കാറിൽ സഞ്ചരിക്കുകയായിരുന്ന പ്രതികളെ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
കഞ്ചാവ് ഷർട്ടിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ സൂക്ഷിച്ചിരുന്നത്.പിടികൂടിയ പ്രതികളെയും ലഹരിമരുന്നും തുടർനടപടികൾക്കായി പള്ളിക്കൽ പോലീസിന് കൈമാറി. പ്രതികൾക്ക് ലഹരിമരുന്ന് ലഭിച്ച ഉറവിടം, വിതരണ ശൃംഖല, സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.










