ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം പ്രഖ്യാപിച്ച ഇറാന്റെ നീക്കങ്ങൾക്കെതിരെ ആഞ്ഞടിച്ച് യുഎഇ. ഹോർമുസ് കടലിടുക്കിൽ തങ്ങൾക്ക് പൂർണ്ണ നിയന്ത്രണമുള്ള ‘നിയന്ത്രിത സമുദ്രമേഖല’ പ്രഖ്യാപിച്ച ഇറാന്റെ നടപടി വെറും പകൽക്കിനാവ് മാത്രമാണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ഗർഗാഷ് വ്യക്തമാക്കി. ഇറാൻ നേരിട്ട സൈനിക പരാജയത്തിൽ നിന്ന് ശ്രദ്ധതിരിക്കാനും പുതിയൊരു സാഹചര്യം സൃഷ്ടിക്കാനുമാണ് ശ്രമമെന്നും കൂട്ടിച്ചേർത്തു.
അറബ് മേഖലയിൽ പതിറ്റാണ്ടുകളായി ഇറാൻ നടത്തുന്ന ഭീഷണികൾ രാഷ്ട്രീയ യാഥാർത്ഥ്യത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. ഒരു വശത്ത് ആക്രമണോത്സുകമായ പ്രസംഗങ്ങളും മറുഭാഗത്ത് സൗഹൃദത്തിന്റെ പൊള്ളയായ പ്രഖ്യാപനങ്ങളുമാണ്. അതേസമയം കരാർ സാധ്യമായില്ലെങ്കിൽ ഇറാനെ വീണ്ടും ആക്രമിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി.






