Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആന്റണി മുതല്‍ സതീശന്‍ വരെ, കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്ന ആ ചരിത്രം; പിണറായിയും കരുതിയിരിക്കണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിനാറാം കേരള നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ പ്രോ ടേം സ്പീക്കര്‍ ജി സുധാകരന് മുന്നില്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ്. വി ഡി സതീശന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോള്‍ ചരിത്രം ആവര്‍ത്തിക്കപ്പെടരുത് എന്ന് ഏറ്റവും അധികം ആഗ്രഹിച്ചിരിക്കുക എ കെ ആന്റണിയാവും. പ്രതിപക്ഷ നേതാവായി സിപിഐഎം നിയോഗിച്ച പിണറായി വിജയനും ഇതേ ചരിത്രം ഓര്‍മ്മിച്ചിരിക്കണം. 1995 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ രാഷ്ട്രീയ അനുഭവങ്ങള്‍ തന്നെയാണ് ഒരു കാലഘട്ടം പിന്നോട്ട് പോയി ചരിത്രം ഓര്‍മ്മിക്കാന്‍ എ കെ ആന്റണിയെയും പിണറായി വിജയനെയും പ്രേരിപ്പിച്ചിരിക്കുക. 2001ല്‍ കോണ്‍ഗ്രസ് വിജയിച്ച സീറ്റുകളുടെ എണ്ണം പോലും ഇത്തവണയും അതേപോലെ ആവര്‍ത്തിക്കപ്പെട്ടിരുന്നു. അന്നത്തെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളുടെ സമാനതകളാണ് ചരിത്ര പാഠമായി കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ജാഗ്രതയോടെ മനസ്സിരുത്തി വായിക്കേണ്ടത്.

2001ല്‍ അധികാരത്തില്‍ വന്ന ആന്റണിക്ക് പക്ഷെ മുഖ്യമന്ത്രിയെന്ന നിലയില്‍ ഭരണകാലാവധി പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല. യുഡിഎഫിലെ പ്രബലരായിരുന്ന മുസ്ലിം ലീഗിന്റെയും കെ എം മാണിയുടെയും പിന്തുണയുള്ള നേതാവ് എന്നതായിരുന്നു മുഖ്യമന്ത്രിയായി വരുമ്പോള്‍ ആന്റണിക്കുണ്ടായിരുന്ന പൊതുചിത്രം. കാലാവധി തികയുന്നതിന് മുമ്പ് 1995ല്‍ കെ കരുണാകരനെ മാറ്റി മുഖ്യമന്ത്രിയായ സംഭവ വികാസങ്ങളുടെ ദുര്‍ഭൂതങ്ങളാണ് 2001ലെ വമ്പന്‍ വിജയത്തിന് ശേഷവും എ കെ ആന്റണിയെ വേട്ടയാടിയത്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ കെ കരുണാകരന് ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കിലും ഘടകകക്ഷികളായ മുസ്ലിം ലീഗും കേരള കോണ്‍ഗ്രസ് മാണി വിഭാഗവും ഹൈക്കമാന്‍ഡില്‍ ചെലുത്തിയ ശക്തമായ സമ്മര്‍ദ്ദമാണ് കരുണാകരന് പകരം മുഖ്യമന്ത്രി പദത്തിലേക്ക് രാജ്യസഭാംഗം ആയിരുന്ന ആന്റണിയുടെ വഴി തുറന്നത്. ഇതിന് പിന്നാലെ എ കെ ആന്റണിയുടെ രക്ഷകര്‍തൃത്വം കൂടി മുസ്ലിം ലീഗ് ഏറ്റെടുക്കുന്നു. ആന്റണിയെ തങ്ങളുടെ സുരക്ഷിത സീറ്റില്‍ മത്സരിപ്പിച്ച് വിജയിപ്പിക്കാന്‍ മുസ്ലിം ലീഗ് മുന്‍കൈ എടുത്തു. സിറ്റിംഗ് എംഎല്‍എ യു എ ബീരാനെ രാജിവെപ്പിച്ചായിരുന്നു ആന്റണിക്ക് മത്സരിക്കാനായി തിരൂരങ്ങാടി മണ്ഡലം മുസ്ലിം ലീഗ് വിട്ടു നല്‍കി. അങ്ങനെ ആന്റണി മുഖ്യമന്ത്രിയായി.

മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും ഒപ്പമില്ലെങ്കിലും മറ്റ് ഘടകകക്ഷികള്‍ ഒപ്പം നിന്നാല്‍ കേവല ഭൂരിപക്ഷത്തിനുള്ള ശക്തി അന്ന് കോണ്‍ഗ്രസിനുണ്ടായിരുന്നു. എന്നാല്‍ ലീഗിനും കേരള കോണ്‍ഗ്രസിനും വിധേയപ്പെടുന്ന സര്‍ക്കാര്‍ എന്ന വിമര്‍ശനം ആന്റണി സര്‍ക്കാരിന് കേള്‍ക്കേണ്ടി വന്നു. ന്യൂനപക്ഷങ്ങള്‍ക്ക് വഴിപ്പെട്ട് ഭരിക്കുന്ന സര്‍ക്കാര്‍ എന്ന കുറ്റപ്പെടുത്തലുമായി എന്‍എസ്എസും എസ്എന്‍ഡിപിയും രംഗത്ത് വന്നത് ഈ വിമര്‍ശനങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകര്‍ന്നു. അങ്ങനെ 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആന്റണി സര്‍ക്കാര്‍ പരാജയപെട്ടു. പരാജയത്തിന് കാരണം ആന്റണിയുടെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനയാണെന്ന് വിലയിരുത്തപ്പെട്ടു. 1995ലും 2001ലും ആന്റണിക്ക് അനുകൂലമായ സമാനമായ സമവാക്യങ്ങളാണ് 2026ല്‍ വി ഡി സതീശന് അനുകൂലമായും രൂപപ്പെട്ടത്.

സതീശന്‍ മുഖ്യമന്ത്രിയായി വരണമെന്ന് മുസ്ലിം ലീഗും ഹൈക്കമാന്റിനെ അറിയിച്ചിരുന്നു. ലീഗിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഹൈക്കമാന്‍ഡ് സതീശനെ മുഖ്യമന്ത്രിയാക്കിയതെന്ന ആരോപണം ഉന്നയിച്ച് എന്‍എസ്എസും എസ്എന്‍ഡിപിയും യുദ്ധമുഖം തുറക്കുകയും ചെയ്തിട്ടുണ്ട്. ഈയൊരു സാഹചര്യത്തില്‍ 2001-2004 കാലത്തെ ആന്റണിയുടെ അനുഭവം ഒരു പാഠമായി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുസ്ലിം ലീഗിന് കീഴ്‌പ്പെട്ടു എന്ന നരേറ്റീവ് ഇതിനകം എന്‍എസ്എസും എസ്എന്‍ഡിപിയും പരോഷമായി സൃഷ്ടിച്ച് കഴിഞ്ഞു. പുതിയ സര്‍ക്കാരിനെക്കുറിച്ച് ഒരു മുന്‍ധാരണ രൂപപ്പെടാന്‍ വഴി തുറന്നിട്ടുണ്ട്. ബിജെപി ഇതിനകം അത് ഏറ്റുപിടിക്കുകയും ചെയ്തിട്ടുണ്ട്.

2001ലെയോ 2011ലെയോ രാഷ്ട്രീയ-സാമൂഹിക സാഹചര്യമല്ല 2026ല്‍ എന്ന് വി ഡി സതീശനും മുസ്ലിം ലീഗും കേരള കോണ്‍ഗ്രസുമെല്ലാം തിരിച്ചറിയേണ്ടതുണ്ട്. കേരളത്തിലെ മതേതര വിശ്വാസികള്‍ക്ക് ആശങ്കയുണ്ടാക്കുന്ന, സെക്യുലര്‍ നിലപാടുള്ളവരെ ആശയക്കുഴപ്പത്തില്‍ ആക്കാന്‍ സാധിക്കുന്ന നിലപാടുകളില്‍ നിന്ന് അകന്ന് നില്‍ക്കുമെന്ന് യുഡിഎഫ് നിയന്ത്രിക്കുന്ന സര്‍ക്കാര്‍ ദൃഢനിശ്ചയം എടുക്കേണ്ടതുണ്ട്. വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായര്‍ക്കും എതിരേ മുദ്രാവാക്യം മുഴക്കിയ ഇടുക്കിയിലെ യൂത്ത് ലീഗുകാരുടെ നടപടി ആശങ്കയുണ്ടാക്കുന്നതാണ്.

യൂത്ത് ലീഗിന്റെ ചെറുപ്പക്കാര്‍ സുകുമാരന്‍ നായരെ അധിക്ഷേപിച്ചാല്‍ വൃണപ്പെടുന്നവര്‍ ഇടതുപക്ഷത്തേയ്ക്കാവില്ല ബിജെപിയിലേക്കാകും ചെന്ന് ചേരുക എന്ന തിരിച്ചറിവും ഉണ്ടാകേണ്ടതാണ്. 2001 ലോ 2011ലോ ഉണ്ടായിരുന്ന ബിജെപിയല്ല ഇപ്പോള്‍ കേരളത്തില്‍ ഉള്ളതെന്ന തിരിച്ചറിവ് ഭരണ പക്ഷത്തിനുണ്ടാകണം. മൂന്ന് നിയമസഭാ സാമാജികര്‍ ഉള്ള ബിജെപി ലക്ഷ്യമിടുന്നത് അവരുടെ ഹിന്ദുത്വ അടിത്തറ ശക്തമാക്കി മുഖ്യപ്രതിപക്ഷത്തിന്റെ റോള്‍ എടുക്കുക എന്നത് തന്നെയാവും. മുഖ്യപ്രതിപക്ഷമായിരുന്ന ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തി ബംഗാളില്‍ ബിജെപി ശക്തിയാര്‍ജ്ജിച്ചത് ഒരു പാഠമായി വി ഡി സതീശനും കൂട്ടര്‍ക്കും ഉള്‍ക്കൊള്ളാവുന്നതാണ്.

കേരളത്തിന്റെ മതേതര ഇടത്തില്‍ ബിജെപി ഉണ്ടാക്കാനിടയുളള വര്‍ഗ്ഗീയ ധ്രുവീകരണ അജണ്ടകളെ പ്രതിപക്ഷത്തെ നയിക്കുന്ന പിണറായി വിജയനും കരുതിയിരിക്കേണ്ടതുണ്ട്. ചാത്തന്നൂര്‍ മണ്ഡലത്തില്‍ ബിജെപിക്ക് അനുകൂലമായി ഹിന്ദു വോട്ടുകളില്‍ വിശേഷിച്ച് നായര്‍-ഈഴവ വോട്ടുകളില്‍ ഉണ്ടായ കേന്ദ്രീകരണം ഇടതുപക്ഷം പരിശോധിക്കുന്നത് വരുന്ന അഞ്ച് കൊല്ലം കാണിക്കേണ്ട ജാഗ്രത സംബന്ധിച്ച് കൂടുതല്‍ വ്യക്തത നല്‍കും. ഭൂരിപക്ഷ ധ്രുവീകരണത്തിനായി കിട്ടുന്ന ഒരു അവസരവും ബിജെപി ഇനി പാഴാക്കില്ലെന്ന് തീര്‍ച്ചയാണ്. വെള്ളാപ്പളളിയുടെ നിലപാടിനെ അടക്കം പരോക്ഷമായി പിന്തുണച്ച ഇടതു നേതാക്കളുടെ സമീപനങ്ങളെ മൃദുഹിന്ദുത്വമായി ചിത്രീകരിച്ച യുഡിഎഫ് പ്രചാരണവും ഇടതുപക്ഷത്തിന് തിരിച്ചടിയായി.

ഇവിടെ നിന്നാവും 2031 ലക്ഷ്യമിട്ട് ബിജെപി അവരുടെ നീക്കങ്ങള്‍ നടത്തുക. സാമുദായിക വൈകാരികത ഉയര്‍ത്തി സൃഷ്ടിക്കുന്ന വിവരണങ്ങളിലൊന്നും പക്ഷം ചേരാതിരിക്കുകയും മതേതര കാഴ്ചപ്പാടില്‍ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുക എന്നതാണ് യുഡിഎഫും എല്‍ഡിഎഫും ചെയ്യേണ്ടത്. മറിച്ചായാല്‍ ബിജെപി വിഭജിത അജണ്ടകള്‍ ഉപയോഗിച്ച് അവരുടെ രാഷ്ട്രീയ ഇടം വിപുലമാക്കുക തന്നെ ചെയ്യും. ഇനിയുള്ള അഞ്ച് വര്‍ഷക്കാലം സാമുദായിക സംഘടനകളുടെ വിവരണങ്ങള്‍ക്ക് തലവെച്ച് കൊടുക്കാതിരിക്കാനുള്ള ജാഗ്രതയാണ് കേരളമെന്ന മതേതര തുരുത്തിന്റെ കാവലാളുകള്‍ എന്ന നിലയില്‍ വി ഡി സതീശനും പിണറായി വിജയനും പ്രകടിപ്പിക്കേണ്ടത്.

Recent News

Advertisement
WhiteswanTV Footer