കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ തടയുന്നതിനായി സാമ്പത്തിക നിരീക്ഷണ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാൻ യുഎഇ ഭരണകൂടം തീരുമാനിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിനും അനധികൃതമായി സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുമുള്ള കൃത്യമായ നടപടിക്രമങ്ങൾ അടങ്ങിയ ‘നാഷണൽ ഗൈഡ് ഓൺ ഫിനാൻഷ്യൽ ഇന്റലിജൻസ്’ ഇതിനായി രൂപീകരിച്ചു. നാഷണൽ കമ്മിറ്റി ഫോർ ആന്റി മണി ലോണ്ടറിങിന്റെ (NAMLC) യോഗത്തിലാണ് ഈ പുതിയ മാർഗരേഖയ്ക്ക് അംഗീകാരം നൽകിയത്. ഡിജിറ്റൽ ഇടപാടുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വെർച്വൽ അസറ്റുകളെക്കൂടി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താനും അവയുമായി ബന്ധപ്പെട്ട ആസ്തികൾ തിരിച്ചുപിടിക്കാനുള്ള പ്രത്യേക സംവിധാനം ക്രമീകരിക്കാനും യോഗം തീരുമാനിച്ചു.
സാമ്പത്തിക സുതാര്യത വർധിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ സാമ്പത്തിക സ്ഥാപനങ്ങൾ, വെർച്വൽ അസറ്റ് സേവന ദാതാക്കൾ, എൻജിഒകൾ എന്നിവയിലെ അപകടസാധ്യതകൾ വിലയിരുത്തുന്ന പുതിയ റിപ്പോർട്ടുകളും കമ്മിറ്റി വിലയിരുത്തിയിട്ടുണ്ട്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയും നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകളെയും കണ്ടെത്താൻ രൂപീകരിച്ച പ്രത്യേക ടാസ്ക് ഫോഴ്സ് തങ്ങളുടെ പ്രവർത്തന റിപ്പോർട്ട് യോഗത്തിൽ സമർപ്പിച്ചു. യുഎഇയുടെ സാമ്പത്തിക മേഖലയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനൊപ്പം രാജ്യാന്തര തലത്തിൽ രാജ്യത്തിന്റെ സാമ്പത്തിക വിശ്വാസ്യത വർധിപ്പിക്കാനുമാണ് ഈ കർശനമായ നടപടികളിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. ഇതിലൂടെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടത്തിൽ ആഗോള നിലവാരത്തിലേക്ക് ഉയരാൻ യുഎഇക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.




