ന്യൂഡൽഹി: ഡൽഹി ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ നടന്ന ഓൺലൈൻ വാദത്തിനിടെ സ്‌ക്രീനിൽ അശ്ലീല ദൃശ്യങ്ങൾ ആവർത്തിച്ച് പ്രത്യക്ഷപ്പെട്ടത് വിവാദമായി. സംഭവത്തെ തുടർന്ന് കോടതിയുടെ വീഡിയോ കോൺഫറൻസിങ് സംവിധാനം താൽക്കാലികമായി നിർത്തിവെച്ചു.
വീഡിയോ കോൺഫറൻസിങ്ങിലൂടെ വാദം കേൾക്കുന്നതിനിടെ ഒന്നിലധികം തവണ ഇത്തരം ഇടപെടലുകൾ ഉണ്ടായി, ഇതോടെ കോടതി നടപടികൾ രണ്ടുതവണ നിർത്തിവെക്കേണ്ടിവന്നു. ഒരു അജ്ഞാത ഉപയോക്താവ് വെർച്വൽ ഹിയറിങ്ങിൽ ലോഗിൻ ചെയ്ത് സ്‌ക്രീൻ ഷെയറിംഗ് വഴി അശ്ലീല ദൃശ്യങ്ങൾ പ്രദർശിപ്പിച്ചതായാണ് വിവരം.
ആദ്യമായി ‘നിങ്ങൾ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു’ എന്ന സന്ദേശം പ്രദർശിപ്പിച്ച ശേഷമാണ് വീഡിയോ പ്ലേ ചെയ്തത്. ഇതോടൊപ്പം ഒരു ഓട്ടോമേറ്റഡ് ശബ്ദ സന്ദേശവും കേട്ടതായി റിപ്പോർട്ടുണ്ട്.
പ്രാഥമിക വിലയിരുത്തലിൽ ഇത് കോടതി വീഡിയോ കോൺഫറൻസിങ് സംവിധാനത്തെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണമാണെന്ന് കരുതുന്നു. ശ്രീധർ സർനോബത്, ഷിത്ജീത് സിങ് എന്നീ പേരുകളിലുള്ള അക്കൗണ്ടുകളിൽ നിന്നാണ് ഇടപെടൽ നടന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ആദ്യ തടസ്സത്തിനു ശേഷം സിസ്റ്റം പുനരാരംഭിച്ച് നടപടികൾ തുടരാൻ ശ്രമിച്ചെങ്കിലും, വീണ്ടും സംഭവം ആവർത്തിച്ചതോടെ വെർച്വൽ കോടതി സംവിധാനം പൂർണമായി നിർത്തിവെക്കുകയായിരുന്നു. കോടതികളുടെ ഡിജിറ്റൽ സംവിധാനങ്ങളുടെ സുരക്ഷയെ കുറിച്ച് ഗൗരവമായ ആശങ്ക ഉയർത്തുന്ന സംഭവമാണിത്.




