കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കുന്ദമംഗലം പെരുമണ്ണ പഞ്ചായത്തുകൾ യു.ഡി.എഫ് തിരിച്ചു പിടിച്ചു. പെരുവയൽ പഞ്ചായത്തിൽ നിലവിലെ ഭരണം യു.ഡി.എഫ് തുടരും. പെരുവയലിൽ ബി.ജെ.പി രണ്ട് തവണ വിജയിച്ച വാർഡ് 15ൽ, സി.പി.എം വിട്ട് കോൺഗ്രസിലെത്തിയ ഷഹാനയുടെ വിജയത്തിലൂടെ യു.ഡി.എഫ് തിരിച്ചുപിടിച്ചതാണ് ശ്രദ്ധേയമായ നേട്ടം.
പെരുവയൽ പഞ്ചായത്തിലെ 24 വാർഡുകളിൽ 15 സീറ്റുകൾ യു.ഡി.എഫും 9 സീറ്റുകൾ എൽ.ഡി.എഫും നേടി. പെരുമണ്ണ പഞ്ചായത്തിൽ യു.ഡി.എഫ് 17 സീറ്റുകളും എൽ.ഡി.എഫ് 5 സീറ്റുകളും നേടി വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചു. മത്സരിച്ച 10 സീറ്റുകളിലും മുസ്‌ലിം ലീഗ് വിജയവും സ്വന്തമാക്കി. പെരുവയലിലും പെരുമണ്ണയിലും യു.ഡി.എഫിന്റെ ഈ വിജയം ജില്ലയിലെ രാഷ്ട്രീയ ശക്തിസമവാക്യങ്ങളിൽ നിർണായക മാറ്റമുണ്ടാക്കുന്നതായാണ് വിലയിരുത്തൽ.






