തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് നേരത്തെ തന്നെ തിരഞ്ഞെടുപ്പ് കളത്തിലിറങ്ങുന്നു. സീറ്റ് വിഭജനം ഉടൻ തീർക്കാനുള്ള നീക്കത്തിന്റെ ഭാഗമായി നാളെ യുഡിഎഫ് യോഗം ചേരും. സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും നേരത്തെയാക്കാൻ കോൺഗ്രസും തയ്യാറെടുക്കുകയാണ്. മണ്ഡലങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് പ്രത്യേക തിരഞ്ഞെടുപ്പ് തന്ത്രം രൂപപ്പെടുത്താനാണ് തീരുമാനം.
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് എൽഡിഎഫിനെക്കാൾ 5.36 ശതമാനം അധിക വോട്ടാണ് ലഭിച്ചതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. യുഡിഎഫ് 38.81 ശതമാനം വോട്ട് നേടിയപ്പോൾ എൽഡിഎഫിന് 33.45 ശതമാനമാണ് ലഭിച്ചത്. എൻഡിഎ 14.71 ശതമാനം വോട്ടും മറ്റ് പാർട്ടികളും സ്വതന്ത്രരും ചേർന്ന് 13.03 ശതമാനം വോട്ടും നേടി.
ആകെ വോട്ടുകളുടെ കണക്കിൽ യുഡിഎഫിന് എൽഡിഎഫിനെക്കാൾ 11.38 ലക്ഷം വോട്ടുകളുടെ മുൻതൂക്കം ലഭിച്ചു. യുഡിഎഫ് നേടിയത് 82.37 ലക്ഷം വോട്ടുകളാണ്. എൽഡിഎഫിന് 70.99 ലക്ഷം വോട്ടും എൻഡിഎയ്ക്ക് 31.21 ലക്ഷം വോട്ടും ലഭിച്ചു. ഈ വിവരങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ഗവർണർക്കു കൈമാറി. തിരഞ്ഞെടുപ്പ് വിജയകരമായി നടത്തിയതിന് ഗവർണർ കമ്മീഷണർ എ. ഷാജഹാനെ അഭിനന്ദിച്ചു.




