2026 കേരള രാഷ്ട്രീയത്തെ സംബന്ധിച്ച് നിര്‍ണായകമായ ഒരു വര്‍ഷമാണ്. ഇനിയുള്ള രാഷ്ട്രീയ കേരളത്തില്‍ ആരൊക്കെ വാഴും എന്നും ആരൊക്കെ വീഴുമെന്നും കൃത്യമായി തുറന്നുകാട്ടപ്പെടുന്ന തെരഞ്ഞെടുപ്പ് ആകും 2026ല്‍ നടക്കുക. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വച്ചുകൊണ്ട് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ആര്‍ക്കായിരിക്കും മുന്‍തൂക്കം എന്ന് പരിശോധിക്കുകയാണ് whiteswan tv.
വടക്കന്‍ കേരളത്തിലെ ആദ്യ അഞ്ചു ജില്ലകളാണ് ഇന്നിപ്പോള്‍ പരിശോധിക്കുന്നത്. ഓരോ ജില്ലകളെയും കുറിച്ചുള്ള വിശദമായ വിലയിരുത്തല്‍ വീഡിയോകള്‍ മുന്‍പ് ഞങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനെ കൂടുതല്‍ വിശകലനം നടത്തിയാണ് വടക്കന്‍ കേരളത്തിലെ 48 മണ്ഡലങ്ങളുടെ തെരഞ്ഞെടുപ്പ് ഫല സൂചനകള്‍ ഇപ്പോള്‍ പുറത്തുവിടുന്നത്.
ആദ്യം പരിശോധിക്കുന്നത് കാസര്‍ഗോഡ് ജില്ലയിലെ മണ്ഡലങ്ങളാണ്. നിലവില്‍ ആകെയുള്ള 5 മണ്ഡലങ്ങളില്‍ മൂന്നിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് യുഡിഎഫും ആണ്. മഞ്ചേശ്വരം മണ്ഡലത്തിലേക്ക് വന്നാല്‍ യുഡിഎഫ് മികച്ച രീതിയില്‍ പ്രവര്‍ത്തനം കാഴ്ചവെച്ചില്ലെങ്കില്‍ മികച്ച ഒരു സ്ഥാനാര്‍ത്ഥിയിലൂടെ ബിജെപിക്ക് മണ്ഡലം അനായാസം പിടിച്ചെടുക്കുവാന്‍ കഴിയുന്നതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ബിജെപി അവിടെ മികച്ച മത്സരം കാഴ്ച വെച്ചിരുന്നു. കാസര്‍ഗോഡ് മണ്ഡലം വരുന്ന തെരഞ്ഞെടുപ്പിലും കാസര്‍ഗോഡ് ലീഗ് തന്നെ നിലനിര്‍ത്തുവാനാണ് സാധ്യത. രാഷ്ട്രീയ നീക്കങ്ങളിലൂടെ ഉദുമ മണ്ഡലം തിരിച്ചു പിടിക്കുവാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. മുന്‍ എംഎല്‍എ കൂടി പ്രതിയായ ഇരട്ടക്കൊലപാതകത്തിന്റെ വൈകാരിക പരിസരം നിലനില്‍ക്കുന്ന ഉദുമയില്‍ രക്തസാക്ഷി കുടുംബത്തിലെ തന്നെ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കം കോണ്‍ഗ്രസ് അവിടെ നടത്തുന്നുണ്ട്. ഇടതുമുന്നണിയുടെ കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കാഞ്ഞങ്ങാട് മണ്ഡലത്തില്‍ സിപിഐ തന്നെ വിജയിക്കുന്നതിനുള്ള സാധ്യതകള്‍ ആണ് ഉള്ളത്. കേരളത്തെ ഒരുകാലത്ത് നയിച്ചിരുന്ന ഇ കെ നയനാര്‍ പ്രതിനിധീകരിച്ച മണ്ഡലം കൂടിയാണ് തൃക്കരിപ്പൂര്‍. അവിടെ സിപിഎം തന്നെ വീണ്ടും വിജയിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇനി കണ്ണൂരിലേക്ക് വന്നാല്‍ ജില്ലയില്‍ നിലവില്‍ ആകെയുള്ള 11 സീറ്റുകളില്‍ രണ്ടിടങ്ങളില്‍ മാത്രമാണ് യുഡിഎഫ് വിജയിച്ചു നില്‍ക്കുന്നത്. ബാക്കിയുള്ള 9 ഇടങ്ങളിലും എല്‍ഡിഎഫ് എംഎല്‍എമാരാണ് ഉള്ളത്. പേരാവൂരില്‍ അഡ്വ. സണ്ണി ജോസഫ് ആണ് നിലവില്‍ എംഎല്‍എ. ഇരിക്കൂറില്‍ സജീവ് ജോസഫ് ആണ് എംഎല്‍എ. ഇരുവരും കോണ്‍ഗ്രസിന്റെ പ്രതിനിധികളാണ്. കോണ്‍ഗ്രസിന് വേണ്ടി സണ്ണി ജോസഫും സജീവ് ജോസഫും തന്നെ വീണ്ടും മത്സരിക്കുമെന്നത് ഏറെക്കുറെ ഉറപ്പാണ്. രണ്ടിടങ്ങളിലും യുഡിഎഫ് തന്നെ വിജയിക്കുന്നതിനാണ് സാധ്യത. ഇടതുപക്ഷത്തിന് ഒപ്പം നില്‍ക്കുന്ന മട്ടന്നൂര്‍ മണ്ഡലം അനുശ്രീ എന്ന ചെറുപ്പക്കാരിയായ നേതാവിന്റെ സാന്നിധ്യം കൊണ്ട് കൂടി സിപിഎമ്മിന് തന്നെ അനായാസം ലഭിക്കാവുന്നതേയുള്ളൂ. നിലവില്‍ സ്പീക്കര്‍ ആയ എ എന്‍ ഷംസീറാണ് തലശ്ശേരി എംഎല്‍എ. അടുത്ത തെരഞ്ഞെടുപ്പിലും തലശ്ശേരി സിപിഎം തന്നെ നിലനിര്‍ത്തുവാനാണ് സാധ്യത. മുഖ്യമന്ത്രി പിണറായി വിജയന്റെ തട്ടകമായ ധര്‍മ്മടം മണ്ഡലത്തില്‍ എല്‍ഡിഎഫ് തന്നെ വിജയിക്കുവാനാണ് സാധ്യതയുള്ളത്. കോണ്‍ഗ്രസ് എസിന്റെ കടന്നപ്പള്ളി രാമചന്ദ്രനാണ് കണ്ണൂരിലെ എംഎല്‍എ. അടുത്ത തവണ സ്വാഭാവികമായും കടന്നപ്പള്ളി രാമചന്ദ്രന്‍ മത്സരത്തില്‍ നിന്നും വിട്ടു നില്‍ക്കുവാനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ മണ്ഡലം സിപിഎം ഏറ്റെടുത്തേക്കും. ഇനി ഏറ്റെടുത്താലും ഇല്ലെങ്കിലും കോണ്‍ഗ്രസ് ഒരു യുവ നേതാവിനെയാണ് മണ്ഡലത്തില്‍ മത്സരിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നത്. ഇതോടെ കണ്ണൂരിനെ പിടിച്ചെടുക്കുവാന്‍ അനായാസം കഴിയുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. അടുത്ത തവണ കെ എം ഷാജി അഴീക്കോട് മത്സരിച്ചാല്‍ മണ്ഡലം യുഡിഎഫിന് അനായാസം പിടിച്ചെടുക്കാന്‍ കഴിയും. തളിപ്പറമ്പ് മണ്ഡലത്തിലേക്ക് വന്നാല്‍ നിലവിലെ സിപിഎം സംസ്ഥാന സെക്രട്ടറിയായ എം വി ഗോവിന്ദന്‍ ആണ് എംഎല്‍എ. അടുത്ത തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കുന്നില്ലെങ്കിലും സിപിഎമ്മിന് മികച്ച മത്സരം കാഴ്ചവെക്കുവാനും എളുപ്പത്തില്‍ വിജയിക്കുവാനും കഴിയുന്ന മണ്ഡലമാണ് തളിപ്പറമ്പ്. കല്യാശേരിയും പയ്യന്നൂരും ഉറച്ച സിപിഎം കോട്ടകള്‍ തന്നെയാണ്. ആ കോട്ടകള്‍ ഇളക്കുക എന്നത് യുഡിഎഫിനെ സംബന്ധിച്ച് അത്രമേല്‍ എളുപ്പമായ കാര്യമല്ല.






