തൃശ്ശൂർ: തദ്ദേശസ്വയഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ ചാലക്കുടി നിയോജകമണ്ഡലം പരിധിയിൽ യുഡിഎഫ് നേടിയത് ചരിത്രവിജയമാണെന്നും ഇത് രാഷ്ട്രീയ വിജയമായാണ് കണക്കാക്കുന്നതെന്നും സനീഷ്‌കുമാർ ജോസഫ് എംഎൽഎ അറിയിച്ചു.
ഈ ഫലങ്ങൾ യുഡിഎഫ് ന്റെ നേതൃത്വത്തിലുണ്ടായിരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതികൾക്കുള്ള അംഗീകാരവും സംസ്ഥാനത്തെ ഇടത് ദുർഭരണത്തിനെതിരെയുമുള്ള വിധിയെഴുത്തുമാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത്, ചാലക്കുടി നഗരസഭ, കോടശ്ശേരി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ യുഡിഎഫ് ഭരണം നിലനിർത്തിയതോടൊപ്പം കൊരട്ടി, കാടുകുറ്റി എന്നിവിടങ്ങളിൽ വൻഭൂരിപക്ഷത്തോടെ ഭരണം തിരിച്ചുപിടിക്കാനുമായി. കൊരട്ടി , അതിരപ്പിള്ളി തുടങ്ങിയ ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയങ്ങൾ വലിയ നേട്ടമായി.
കൊടകര പഞ്ചായത്തിൽ ഒപ്പത്തിനൊപ്പവും , പരിയാരം, മേലൂർ ,അതിരപ്പിള്ളി എന്നീ പഞ്ചായത്തുകളിൽ കഴിഞ്ഞതവണത്തേക്കാൾ നിലമെച്ചപ്പെടുത്താനും യുഡിഎഫ് നു സാധിച്ചതായി എംഎൽഎ അഭിപ്രായപ്പെട്ടു.










