കംപാല: തുർക്കിയോട് വിചിത്രമായ ആവശ്യം ഉന്നയിച്ച് യുഗാണ്ട സൈനിക മേധാവി മുഹൂസി കെയ്‌നെരുഗാബ വീണ്ടും വിവാദത്തിൽ. യുഗാണ്ടയ്ക്ക് ഒരു ബില്യൺ ഡോളറും തനിക്ക് വിവാഹം കഴിക്കാൻ തുർക്കിയിലെ ഏറ്റവും സുന്ദരിയായ സ്ത്രീയേയും നൽകണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് ഈ പരാമർശം നടത്തിയിരിക്കുന്നത്. യുഗാണ്ട പ്രസിഡന്റ് യൊവേരി മുസെവെനിയുടെ മകനാണ് മുഹൂസി.
സൊമാലിയയിൽ തുർക്കി സാമ്പത്തികമായി നേട്ടം കൈവരിക്കുമ്പോൾ, ഭീകരസംഘടനയായ അൽ ഷബാബിനെതിരായ പോരാട്ടത്തിൽ യുഗാണ്ട വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അതിന്റെ പ്രതിഫലമായാണ് ഈ ആവശ്യമെന്നുമാണ് മുഹൂസിയുടെ വിശദീകരണം. തന്റെ ആവശ്യങ്ങൾ അംഗീകരിക്കാത്തപക്ഷം ഒരു മാസത്തിനകം തുർക്കിക്കെതിരെ നയതന്ത്ര നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കംപാലയിലെ തുർക്കി എംബസി അടയ്ക്കുക, തുർക്കി വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുക, നയതന്ത്ര ബന്ധം വിച്ഛേദിക്കുക എന്നിവയാണ് ഭീഷണികൾ.
ഇതാദ്യമായല്ല മുഹൂസി ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നത്. 2022-ൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്നും, നിരസിച്ചാൽ റോം പിടിച്ചെടുക്കുമെന്നും പറഞ്ഞ് വിവാദമുണ്ടാക്കിയിരുന്നു. അതേ വർഷം തന്നെ കെനിയ തലസ്ഥാനം നെയ്‌റോബിയെ പിടിച്ചെടുക്കുമെന്ന് പറഞ്ഞതും വിവാദമായിരുന്നു. തുടർന്ന് കെനിയയോട് യുഗാണ്ടയ്ക്ക് മാപ്പുപറയേണ്ടി വന്നതും ശ്രദ്ധേയമാണ്. മുഹൂസിയുടെ പുതിയ പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ വീണ്ടും ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.




