തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വേനൽമഴ ലഭിച്ചിട്ടുണ്ടെങ്കിലും അൾട്രാവയലറ്റ് രശ്മികളുടെ തോത് ഉയരുന്നതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിവരെയുള്ള കണക്കുകൾ പ്രകാരം ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് മൂന്നാറിലാണ്. ഇവിടെ സൂചിക 10 ആയി ഉയർന്നതിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
അൾട്രാവയലറ്റ് സൂചിക എട്ടിനും പത്തിനും ഇടയിൽ എത്തിയാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കാറുണ്ട്. മൂന്നാറിനൊപ്പം കൊല്ലത്തെ കൊട്ടാരക്കര, പത്തനംതിട്ടയിലെ കോന്നി, ആലപ്പുഴയിലെ ചെങ്ങന്നൂർ, കോട്ടയത്തെ ചങ്ങനാശ്ശേരി, മലപ്പുറത്തെ പൊന്നാനി എന്നിവിടങ്ങളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളത്തെ കളമശ്ശേരി, തൃശൂരിലെ ഒല്ലൂർ, പാലക്കാട്ടെ തൃത്താല, കോഴിക്കോട് ബേപ്പൂർ, വയനാട്ടിലെ മാനന്തവാടി, കണ്ണൂരിലെ ധർമടം എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. രാവിലെ 10 മണി മുതൽ വൈകിട്ട് 3 മണിവരെയാണ് അൾട്രാവയലറ്റ് തോത് കൂടുതലായി രേഖപ്പെടുന്നത്.
ഈ സമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും നിർദേശമുണ്ട്. മലമ്പ്രദേശങ്ങളിലും തെളിഞ്ഞ ആകാശമുള്ള പ്രദേശങ്ങളിലുമാണ് അൾട്രാവയലറ്റ് രശ്മികളുടെ തോത് കൂടുതലാകാൻ സാധ്യത. ജലാശയങ്ങളും മണൽപ്രദേശങ്ങളും രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ അപകടസാധ്യത വർധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
പുറം ജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കണം. ചർമ്മരോഗം, നേത്രരോഗം, ക്യാൻസർ തുടങ്ങിയ അസുഖങ്ങളുള്ളവരും പ്രതിരോധശേഷി കുറഞ്ഞവരും നേരിട്ടുള്ള വെയിൽ ഒഴിവാക്കണം. പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാനും ശരീരം മുഴുവൻ മൂടുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും നിർദേശമുണ്ട്.






