വാട്സാപ്പ് വെബ്ബിൽ ലോഗിൻ ചെയ്യാനാകാതെ കുഴങ്ങി ഉപഭോക്താക്കൾ. ഇന്ന് രാവിലെ മുതലാണ് വാട്സാപ്പ് വെബ്ബിൽ വ്യാപകമായി തടസ്സം നേരിട്ടത്. എട്ടുമണി മുതൽതന്നെ തുടങ്ങിയ പ്രശ്നം പത്ത് മണിയോടെ ഉപഭോക്താക്കൾ റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഓഫീസുകളിലും മറ്റും വിവരകൈമാറ്റത്തിനും ആഭ്യന്തര ആശയവിനിമയങ്ങൾക്കും വാണിജ്യ ആവശ്യങ്ങൾക്കുമായി വ്യാപകമായി ഉപയോഗിക്കുന്ന വാട്സാപ്പ് വെബ് പണിമുടക്കിയതോടെ പല ഓഫീസുകളിലെ പ്രവർത്തനങ്ങളും സ്തംഭിച്ചു. വാട്സാപ്പ് വെബ്ബിൽ നേരത്തെ ലോഗിൻ ചെയ്തവർക്ക് പ്രശ്നമില്ലെന്നാണ് വിവരം. പുറത്തുകടന്ന് വീണ്ടും ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ സാധിക്കാത്തതാണ് പ്രശ്നം. എന്നാൽ മെറ്റ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.






