ന്യൂഡൽഹി : ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2026-27 സാമ്പത്തിക വർഷത്തിലെ കേന്ദ്ര ബജറ്റിൽ കേരളത്തിന് കടുത്ത നിരാശയെന്ന് മന്ത്രി പി രാജീവ്. കേരളത്തിനായി പ്രത്യേക പാക്കേജുകൾ ഒന്നുമില്ല. വിഴിഞ്ഞം തുറമുഖ വികസനത്തിനായി പ്രത്യേകം പദ്ധതികളോ നീക്കിയിരിപ്പോ ഒന്നും ബജറ്റ് പ്രഖ്യാപനത്തിലുണ്ടായില്ല. കേരളത്തിൽ എയിംസ് വരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പലതവണ പ്രഖ്യാപിച്ചിരുന്നു.എന്നാൽ ഇതൊന്നും കണ്ടില്ല.
കേരളത്തെ മനഃപൂർവം പരിഗണിക്കത്ത പോലെയാണ് ഈ ബജറ്റിൽ നിന്ന് മനസിലാക്കേണ്ടത് എന്ന് മന്ത്രി പി രാജീവ് . ‘കേരളത്തോട് അവഗണന തുടരുകയാണ്. കേന്ദ്രത്തിൻ്റെ അതിവേഗ ഇടനാഴിയിൽ കേരളത്തെ ഉൾപ്പെടുത്തുകയും അതിൻ്റെ സ്പെഷ്യൽ ഓഫീസറായി ഇ ശ്രീധരനെ ഉൾപ്പെടുത്തുകയും ചെയ്താൽ കേരള സർക്കാർ പൂർണമായും അതിനൊപ്പം നിൽക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ അതിവേഗ റെയിൽപാതയിൽ കേരളത്തെ ഉൾപ്പെടുത്തിയില്ലെന്ന് മാത്രമല്ല ഇത്തരമൊരു പദ്ധതിയുമായി ആദ്യം മുന്നോട്ടുവന്ന സംസ്ഥാനമെന്ന നിലയിൽ പരിഗണിച്ചുകൊണ്ട് ഒരു നിലപാടും സ്വീകരിച്ചില്ല. ഇത് കടുത്ത വിവേചനമാണ്.ഏഴ് അതിവേഗ റെയിൽവേ ഇടനാഴികൾ പ്രഖ്യാപിച്ചതിൽ കേരളത്തെ ഉൾപ്പെടുത്തിയില്ല. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് അടക്കമുള്ല ദക്ഷിണേന്ത്യൻ നഗരങ്ങളെ ഉൾപ്പെടുത്തിയെങ്കിലും കേരളത്തിലെ നഗരങ്ങളെ ഒഴിവാക്കി. കേരളത്തിനായി എയിംസ്, മെട്രോ തുടങ്ങിയവയും ബജറ്റിൽ പ്രഖ്യാപിച്ചില്ല.
എയിംസിനായി സ്ഥലം കണ്ടെത്തി നൽകാൻ പറഞ്ഞപ്പോൾ കിനാലൂരിൽ സ്ഥലം കണ്ടെത്തി ആരോഗ്യവകുപ്പിന് കൈമാറി. എന്നിട്ടും കേരളത്തിന് എയിംസ് നൽകിയില്ല. മാത്രമല്ല, നികുതി വിഹിതത്തിൽ കേരളത്തിന് അർഹമായ പങ്കാളിത്തം കിട്ടണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ധാതു ഇടനാഴിയിൽ മാത്രമാണ് കേരളത്തെ ഉൾപ്പെടുത്തിയത്. അത് നേരത്തെ കേരളം പ്രഖ്യാപിച്ച പദ്ധതിയാണ്. നമ്മുടെ കയ്യിലുള്ല ധാതു അപ്പുറത്തേയ്ക്ക് കൊണ്ടുപോകാനുള്ല ഉദ്ദേശമാണോയെന്ന് അറിയില്ല. സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ല ധാതുക്കൾ എടുക്കാനാണോ എന്നത് പരിശോധിക്കേണ്ടതുണ്ട്. ഒറ്റനോട്ടത്തിൽ കടുത്ത അവഗണനയാണ് കേരളത്തോട് കാട്ടിയത് പി രാജീവ് പറഞ്ഞു.
കേരള, ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളിൽ റെയൽ എർത്ത് മൈനിംഗിനായി (ധാതു മണൽ ഖനനം) പ്രത്യേക ഇടനാഴി പ്രഖ്യാപിച്ചുവെന്നതാണ് കേരളത്തിനായി ആകെയുള്ല പ്രധാന പ്രഖ്യാപനം. പല വാഗ്ദാനങ്ങളും നൽകുമെന്ന് പറഞ്ഞിട്ടും ഒന്നും തരാത്തത് വളരെ ദുഖകരമായ അവസ്‌ഥയാണ്.










