ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ തടയുന്നതിനായി വാട്സ്ആപ്പിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉന്നതാധികാര സമിതി കർശന നിർദ്ദേശങ്ങൾ നൽകി. തട്ടിപ്പുകൾക്കായി ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളുടെയും ഉപകരണങ്ങളുടെയും ഡിജിറ്റൽ ഐഡികൾ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.
ഇതിനായി പ്രത്യേക സാങ്കേതിക സംവിധാനം വികസിപ്പിച്ച് 45 ദിവസത്തിനകം സമിതിക്ക് സമർപ്പിക്കണമെന്നും വാട്സ്ആപ്പിനോട് നിർദേശിച്ചിട്ടുണ്ട്. ഇതിലൂടെ ഒരു അക്കൗണ്ട് ബ്ലോക്ക് ചെയ്താലും അതേ ഫോൺ ഉപയോഗിച്ച് വീണ്ടും തട്ടിപ്പ് നടത്തുന്നത് തടയാൻ കഴിയുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.
കൂടാതെ, മൈക്രോസോഫ്റ്റിന്റെ സ്കൈപ്പിന് സമാനമായ സുരക്ഷാ ഫീച്ചറുകൾ വാട്സ്ആപ്പിലും കൊണ്ടുവരണമെന്നും നിർദേശം നൽകി. വിളിക്കുന്നയാളുടെ വിവരങ്ങൾ കൂടുതൽ വ്യക്തമാക്കുക, സംശയകരമായ അക്കൗണ്ടുകൾക്കായി മുന്നറിയിപ്പ് നൽകുക, തട്ടിപ്പ് ശൃംഖലകളെ വേഗത്തിൽ തിരിച്ചറിയുക തുടങ്ങിയ സംവിധാനങ്ങൾ ഉൾപ്പെടുത്തണമെന്ന് സമിതി ആവശ്യപ്പെട്ടു.
ആൻഡ്രോയിഡ് ഫോണുകളിൽ തട്ടിപ്പിനായി ഉപയോഗിക്കുന്ന ഹാനികരമായ APK ഫയലുകൾ കണ്ടെത്താനും തടയാനും സാങ്കേതിക വിദ്യ ശക്തിപ്പെടുത്തണമെന്നും നിർദേശം ഉണ്ട്. വാട്സ്ആപ്പ് ഉപയോഗിക്കാൻ സജീവ സിം കാർഡ് നിർബന്ധമാക്കുന്ന ‘സിം ബൈൻഡിംഗ്’ സംവിധാനം ഉടൻ നടപ്പിലാക്കുമെന്നും കമ്പനി അറിയിച്ചു.
പോലീസ് അടക്കമുള്ള ഏജൻസികളുടെ ലോഗോകൾ പ്രൊഫൈൽ ചിത്രമായി ഉപയോഗിക്കുന്ന തട്ടിപ്പുകാരെ തിരിച്ചറിയാൻ ലോഗോ ഡിറ്റക്ഷൻ സംവിധാനം നിലവിൽ വന്നതായും വാട്സ്ആപ്പ് വ്യക്തമാക്കി. സൈബർ തട്ടിപ്പുകളെക്കുറിച്ചുള്ള അന്വേഷണങ്ങളിൽ കൂടുതൽ സഹകരണം നൽകുമെന്ന് കമ്പനി കേന്ദ്രസർക്കാരിന് ഉറപ്പ് നൽകി. തട്ടിപ്പുകാരുടെ വിവരങ്ങൾ കൈമാറുന്നതിനും, ഡിലീറ്റ് ചെയ്ത അക്കൗണ്ടുകളുടെ വിവരങ്ങൾ 180 ദിവസം വരെ സൂക്ഷിക്കുന്നതിനും കമ്പനി സമ്മതം അറിയിച്ചു.
ഡീപ്ഫേക്ക് വീഡിയോ കോളുകൾ ഉൾപ്പെടെയുള്ള പുതിയ തട്ടിപ്പുകൾ തടയുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഈ നടപടികൾ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്ക് തടയിടാൻ സഹായിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.






