എറണാകുളം: സർവകലാശാല ചാൻസലർ-സിൻഡിക്കേറ്റ് അധികാരത്തർക്കത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. ചാൻസലറുടെ ഉത്തരവുകൾ സിൻഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ലെന്നാണ് കോടതിയുടെ ഉത്തരവ്. സിൻഡിക്കേറ്റിന്റെ അത്തരം നടപടികൾ അധികാര ശ്രേണിയ്ക്കും അച്ചടക്കത്തിനും എതിരാണെന്നും കോടതി വ്യക്തമാക്കി.
കാലിക്കറ്റ് സർവകലാശാലയുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഹൈക്കോടതി നിർണായക ഉത്തരവ്. കാലിക്കറ്റ് സർവകലാശാലയിലെ ഉദ്യോഗസ്ഥനെതിരെ സിൻഡിക്കേറ്റ് എടുത്ത നടപടി ചാൻസിലർ റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ട് സിൻഡിക്കേറ്റ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഇപ്പോൾ ഉത്തരവ് ഉണ്ടായിരിക്കുന്നത്.






