ന്യൂഡൽഹി: ജമ്മുകശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമാണെന്ന യുഎസ് അംബാസഡർ സെർജിയോ ഗോറിന്റെ പ്രസ്താവനയിൽ പാകിസ്ഥാൻ കടുത്ത അതൃപ്തി അറിയിച്ചു. ഇസ്ലാമാബാദിലെ യുഎസ് എംബസിയിലെ ചാർജ് ദ അഫയേഴ്സിനെ വിളിച്ചുവരുത്തിയാണ് പാകിസ്ഥാൻ പ്രതിഷേധം അറിയിച്ചത്. ജമ്മുകശ്മീർ തർക്ക പ്രദേശമാണെന്ന നിലപാട് അമേരിക്ക മറക്കരുതെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. എന്നാൽ സെർജിയോ ഗോറിന്റെ പ്രസ്താവനയെ കേന്ദ്ര സർക്കാർ വൃത്തങ്ങൾ സ്വാഗതം ചെയ്തു.
മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഗോർ ജമ്മുകശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമാണെന്ന് പറഞ്ഞത്. കൂടുതൽ അമേരിക്കൻ വിനോദസഞ്ചാരികൾ കശ്മീർ സന്ദർശിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി യുഎസ് പൗരന്മാർക്ക് കശ്മീർ സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ നീക്കി പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്നും ഗോർ അറിയിച്ചു.
കശ്മീരിനെക്കുറിച്ചുള്ള അമേരിക്കയുടെ നിലപാടിൽ മാറ്റം വരുന്നതിന്റെ സൂചനയായാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ ഈ പ്രസ്താവനയെ കാണുന്നത്.
അതിനിടെ, ലഡാക്കിലെ ലേയിൽ ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുമായി കൂടിക്കാഴ്ച നടത്താനുള്ള സെർജിയോ ഗോറിന്റെ തീരുമാനവും ഒഴിവാക്കിയതായി റിപ്പോർട്ടുണ്ട്. നാളെ നടത്താനിരുന്ന കൂടിക്കാഴ്ചയാണ് റദ്ദാക്കിയത്. ലഡാക്കിൽ ദലൈലാമയുമായി യുഎസ് അംബാസഡർ കൂടിക്കാഴ്ച നടത്തുന്നത് ചൈനയ്ക്കുള്ള സന്ദേശമാകുമെന്ന വിലയിരുത്തലുകൾക്കിടെയാണ് തീരുമാനം.


