വാഷിങ്ടൺ / ന്യൂഡൽഹി: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ 30 ദിവസത്തെ ഇളവ് നൽകുമെന്ന് യുഎസ്. ഏപ്രിൽ 11ന് അവസാനിച്ച പഴയ ഇളവിന് പകരമായാണ് പുതിയ പൊതുലൈസൻസ് പ്രഖ്യാപിച്ചത്. പുതിയ ഉത്തരവുപ്രകാരം, മേയ് 16 വരെ കപ്പലുകളിൽ കയറ്റിയ റഷ്യൻ എണ്ണ വാങ്ങാൻ രാജ്യങ്ങൾക്ക് അനുമതിയുണ്ടാകും. എന്നാൽ ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഇളവ് ലഭിക്കില്ലെന്നാണ് സൂചന.
ഇതിന് മുമ്പ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റ് മാർച്ച് മാസം മുതൽ ഇത്തരം ലൈസൻസുകൾ പുതുക്കില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ പുതിയ തീരുമാനത്തോടെ അതിൽ മാറ്റം വന്നിരിക്കുകയാണ്. ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങൾ ഇളവ് നീട്ടണമെന്നാവശ്യപ്പെട്ടിരുന്നു. ആഗോള എണ്ണവില ഉയർന്ന സാഹചര്യത്തിൽ ഈ തീരുമാനം ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ്. ഇതിനകം തന്നെ ഇന്ത്യ ഏകദേശം 30 ദശലക്ഷം ബാരൽ റഷ്യൻ എണ്ണ ഓർഡർ ചെയ്തിട്ടുണ്ട്.
റഷ്യൻ എണ്ണ ഇറക്കുമതിയിൽ ഇന്ത്യയുടെ പങ്ക് അടുത്തിടെ വർധിച്ചിട്ടുണ്ട്. മാർച്ചിൽ ഇന്ത്യയുടെ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി മൂന്നിരട്ടിയായി ഉയർന്നതായി റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, ഈ ഇളവിനെതിരെ അമേരിക്കയിൽ രാഷ്ട്രീയ വിമർശനവും ഉയരുന്നുണ്ട്. യുഎസ് സെനറ്റർ റിച്ചാർഡ് ബ്ലൂമെൻ്റൽ റഷ്യയ്‌ക്കെതിരായ ഉപരോധ ഇളവ് നീട്ടരുതെന്ന് ആവശ്യപ്പെട്ടു. കോൺഗ്രസ് അംഗങ്ങൾ ഗ്രിഗറി മീക്സ്, വില്യം കീറ്റിംഗ് എന്നിവർ ഇളവ് അവസാനിപ്പിക്കാൻ ബിൽ അവതരിപ്പിച്ചിട്ടുണ്ട്. ഈ ഇളവ് ഇന്ത്യൻ റിഫൈനറികൾക്ക് നിയമപരമായ പ്രശ്നങ്ങളില്ലാതെ റഷ്യൻ എണ്ണ ഇറക്കുമതി തുടരാൻ സഹായകരമാകും.




