വാഷിംഗ്‌ടൺ: രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന എണ്ണ കയറ്റുമതി നിലവാരത്തിലെത്താൻ യുഎസ് തയ്യാറെടുക്കുന്നു. ഇറാനെതിരായ യുഎസ്–ഇസ്രയേൽ ആക്രമണത്തെ തുടർന്ന് പശ്ചിമേഷ്യയിൽ നിന്നുള്ള എണ്ണ വിതരണം തടസ്സപ്പെട്ടതോടെ യുഎസിലെ എണ്ണയ്ക്ക് ലോക വിപണിയിൽ ആവശ്യകത വർധിച്ചു.
ഇതോടെ യുഎസിന്റെ എണ്ണ കയറ്റുമതി ഉടൻ ഇറക്കുമതിയെ മറികടക്കുമെന്നാണ് റിപ്പോർട്ടുകൾ. ക്രൂഡ് ഓയിൽ ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വ്യത്യാസം ദിവസേന 66,000 ബാരലായി കുറഞ്ഞതായി യുഎസ് അറിയിച്ചു. 2001ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. ഇപ്പോൾ യുഎസിന്റെ എണ്ണ കയറ്റുമതി പ്രതിദിനം ഏകദേശം 52 ലക്ഷം ബാരലിൽ എത്തുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ ഏഴ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ആവശ്യമായാൽ പ്രതിദിനം 60 ലക്ഷം ബാരൽ വരെ എണ്ണ കയറ്റുമതി ചെയ്യാനുള്ള ശേഷിയും യുഎസിനുണ്ടെന്ന് അധികൃതർ അറിയിച്ചു.




