ടെഹ്‌റാൻ: ഇറാനിലെ പ്രധാന ആണവ കേന്ദ്രമായ നതാൻസ് ആണവ കേന്ദ്രംക്കെതിരെ യുഎസ്–ഇസ്രയേൽ സഖ്യം വ്യോമാക്രമണം നടത്തിയതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ രാവിലെയുണ്ടായ ആക്രമണത്തിൽ ആണവ ചോർച്ച ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നതാൻസ് കേന്ദ്രം ഇതിനുമുമ്പും ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്. ഇസ്രയേലുമായുള്ള സംഘർഷത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ കേന്ദ്രത്തിലെ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാൽ വികിരണ ചോർച്ച ഉണ്ടായിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവ നിരീക്ഷണ സംഘം അറിയിച്ചിരുന്നു.
ടെഹ്‌റാനിൽ നിന്ന് ഏകദേശം 220 കിലോമീറ്റർ തെക്കുകിഴക്കായാണ് നതാൻസ് സ്ഥിതി ചെയ്യുന്നത്. 2025-ൽ ഇറാനും ഇസ്രയേലും തമ്മിൽ നടന്ന 12 ദിവസത്തെ യുദ്ധത്തിനിടയിലും ഈ കേന്ദ്രം ആക്രമിക്കപ്പെട്ടിരുന്നു.
ഇതിനിടെ, യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യതകൾ പരിഗണിക്കുന്നതായി ഡൊണാൾഡ് ട്രംപ് സൂചന നൽകിയിരുന്നു. എന്നാൽ അതിന് പിന്നാലെ തന്നെ ഈ ആക്രമണം നടന്നത് ശ്രദ്ധേയമാണ്. ഇറാന്റെ സൈനികവും ആണവ ശേഷിയും തകർക്കുന്നതിൽ അമേരിക്ക വിജയിച്ചുവെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാനുമായി വെടിനിർത്തൽ കരാറിലെത്താനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനാൽ മേഖലയിൽ ആശങ്ക ഉയരുകയാണ്.






