ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ആദ്യഘട്ട നീക്കമായി, അമേരിക്ക ഇറാന്റെ തീരപ്രദേശങ്ങളിലെ മിസൈൽ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ശക്തമായ ബോംബാക്രമണം നടത്തി. ഏകദേശം 2,268 കിലോഗ്രാം (5,000 പൗണ്ട്) വരുന്ന ‘ഡീപ് പെനട്രേറ്റർ’ ബോംബുകളാണ് ഉപയോഗിച്ചത്. ഈ ബോംബുകൾ ഭൂമിക്കടിയിൽ തുളച്ചുകയറാൻ കഴിവുള്ളതാണ്. അതിലൂടെ ഒളിത്താവളങ്ങളിലുണ്ടായ സൈനിക കേന്ദ്രങ്ങൾ നശിപ്പിക്കാൻ സാധികക്കും.
അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുണ്ടാക്കുന്ന ഇറാന്റെ ക്രൂയിസ് മിസൈലുകൾ നശിപ്പിക്കുകയാണ് ആക്രമണ ലക്ഷ്യമെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചുവച്ചതിന് മറുപടിയായി ഇത് നടത്തിയതായും സൈന്യം അറിയിച്ചു. ലോകത്തെ എണ്ണ വിതരണത്തിൻ്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഈ പാതയിലെ ഉപരോധം ആഗോള ഊർജ്ജവില വർദ്ധനവിന് കാരണമായിരുന്നു.
ബങ്കർ ബസ്റ്റർ ബോംബുകൾക്ക് ഓരോന്നിന്റെ വില ഏകദേശം 2,88,000 ഡോളറാണ്. കടുപ്പമുള്ള പാറക്കെട്ടുകൾക്കും കോൺക്രീറ്റ് പാളികൾക്കും അടിയിൽ ഒളിച്ചിരിക്കുന്ന സൈനിക കേന്ദ്രങ്ങളെ തകർക്കാൻ ഇവയുടെ പ്രയോഗം പ്രധാനമാണ്. കഴിഞ്ഞ വർഷം ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഉപയോഗിച്ച 30,000 പൗണ്ട് ബോംബുകളുമായി താരതമ്യം ചെയ്യുമ്പോൾ, പ്രഹരശേഷി കുറവാണെങ്കിലും മിസൈൽ കേന്ദ്രങ്ങൾ നശിപ്പിക്കാൻ മതിയായ ശേഷിയുള്ളതാണെന്ന് സൈന്യം വിലയിരുത്തുന്നു.






