ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഇറാൻ തീരത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച കപ്പലിനെ ലക്ഷ്യമിട്ട് അമേരിക്കൻ സൈന്യത്തിന്റെ ആക്രമണം. ഇറാൻ പതാകയേന്തിയ ‘എംടി ഹസ്ന’ എന്ന കപ്പലിന് നേരെയാണ് യുഎസ് നാവികസേനയും കോസ്റ്റ് ഗാർഡും സംയുക്തമായി നടപടി സ്വീകരിച്ചത്.
യുഎസ് ഉപരോധം ലംഘിച്ച് ഇറാൻ തുറമുഖത്തേക്ക് പോകാൻ ശ്രമിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കുന്നത്. ഒമാൻ തീരപ്രദേശത്ത് വെച്ച് നാവിക ഉപരോധം മറികടക്കാൻ കപ്പൽ ശ്രമിച്ചെന്നും, നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടും യാത്ര തുടർന്നതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്നും അവർ അറിയിച്ചു.
യുഎസ്എസ് അബ്രഹാം ലിങ്കണിൽ നിന്ന് പറന്ന എഫ്-18 സൂപ്പർ ഹോണറ്റ് യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയതോടെ കപ്പൽ പ്രവർത്തനരഹിതമായതായി റിപ്പോർട്ടുകൾ പറയുന്നു. ആക്രമണത്തിൽ കപ്പലിന് നാശനഷ്ടം സംഭവിച്ചെങ്കിലും എണ്ണ ചോർച്ചയോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
പശ്ചിമേഷ്യയിൽ യുഎസ്–ഇറാൻ സമാധാന ചർച്ചകൾ പുരോഗമിക്കുമ്പോഴുണ്ടായ ഈ സംഭവം മേഖലയിലെ സംഘർഷാവസ്ഥ വീണ്ടും വർധിപ്പിച്ചതായി വിലയിരുത്തപ്പെടുന്നു. ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള മേഖലകളിൽ യുഎസ് നാവിക ഉപരോധം ശക്തമാക്കിയിട്ടുണ്ട്.




