പാലക്കാട്: വാൽപ്പാറയിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കൂടുതൽ പരിശോധനകൾക്ക് ശേഷമേ നിഗമനത്തിലെത്താനാകൂവെന്ന് അന്വേഷണം നടത്തുന്ന തമിഴ്‌നാട് ആർടിഒ സംഘം അറിയിച്ചു. അപകടത്തിൽപ്പെട്ട ടെമ്പോ ട്രാവലറിന്റെ അവശിഷ്ടങ്ങൾ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്കായി ആളിയാർ സ്റ്റേഷനിലേക്ക് മാറ്റി.
വാഹനത്തിന്റെ ആർസി ബുക്ക് ഉൾപ്പെടെയുള്ള ഉടമസ്ഥതാ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾ വേഗത്തിൽ പൂർത്തിയാക്കിയതിനാൽ മരണപ്പെട്ടവരുടെ ആധാർ ഉൾപ്പെടെയുള്ള രേഖകൾ ശേഖരിച്ച് എഫ്‌ഐആർ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.
അപകടസ്ഥലത്ത് ആർടിഒ സംഘം പരിശോധന നടത്തി ദൃക്‌സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തി. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ആരാണെന്നത് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ മൊഴിയെടുത്ത ശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സ്കൂൾ വാൻ ഡ്രൈവർ നൗഷാദാണ് 16-ാം വളവിന് ശേഷം വാഹനം ഓടിച്ചതെന്ന പ്രാഥമിക വിവരം മാത്രമാണ് ലഭിച്ചിട്ടുള്ളത്.
തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വ്യാഴാഴ്ചയ്ക്കുള്ളിൽ മാത്രമേ കൃത്യമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാനാകൂവെന്നും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അധികൃതർ അറിയിച്ചു.
കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെയും ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു. സ്കൂൾ വാൻ ഡ്രൈവർ നൗഷാദും ടെമ്പോ ട്രാവലർ ഡ്രൈവർ മുഹമ്മദ് ഫാഹിസും അപകടനില തരണം ചെയ്തിട്ടുണ്ടെങ്കിലും ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്.






