കൊൽക്കത്ത: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് നിർണായക ഘട്ടത്തിലേക്ക് കടക്കവെ, തൃണമൂൽ കോൺഗ്രസിന്റെ പ്രചാരണ തന്ത്രങ്ങൾ മെനയുന്ന രാഷ്ട്രീയ ഉപദേശക കമ്പനിയായ ഐ-പാക് (I-PAC) താൽക്കാലികമായി പ്രവർത്തനം നിർത്തിവെച്ചു. നിയമപരമായ തടസങ്ങൾ ചൂണ്ടിക്കാട്ടി 20 ദിവസത്തേക്ക് ഗ്രൗണ്ട് ഓപ്പറേഷനുകൾ നിർത്തിവയ്ക്കാനാണ് മാനേജ്‌മെന്റ് തീരുമാനിച്ചത്. ഞായറാഴ്ച രാത്രി ജീവനക്കാർക്ക് അയച്ച ഇമെയിൽ വഴിയാണ് ഈ വിവരം പുറത്തുവന്നത്.
ഇതോടെ ബൂത്ത് തല പ്രവർത്തനങ്ങളിലും വോട്ടർമാരെ നേരിൽ കാണുന്നതിലും ഏർപ്പെട്ടിരുന്ന നൂറുകണക്കിന് അസോഷ്യേറ്റ് ലെവൽ ജീവനക്കാരോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ കമ്പനി ആവശ്യപ്പെട്ടു. മേയ് 11-ന് ശേഷം സാഹചര്യം വിലയിരുത്തി അടുത്ത നടപടി സ്വീകരിക്കുമെന്നാണ് അറിയിപ്പ്. താഴെത്തട്ടിലെ പ്രവർത്തനം നിലച്ചതോടെ തങ്ങളുടെ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ജീവനക്കാർ. അതേസമയം, മുതിർന്ന ഉദ്യോഗസ്ഥർ തൃണമൂൽ കോൺഗ്രസ് നേതൃത്വവുമായി ചേർന്ന് പ്രചാരണ തന്ത്രങ്ങളുടെ ഏകോപനം തുടരുന്നുണ്ടെന്നാണ് വിവരം.
ഐ-പാക് ഡയറക്ടർമാർക്കെതിരെയുള്ള ഇ.ഡി അന്വേഷണവും റെയ്ഡുകളുമാണ് ഈ തീരുമാനത്തിനു പിന്നിലെന്നാണ് സൂചന. അടുത്തിടെ കമ്പനിയുമായി ബന്ധപ്പെട്ട ഒരാളെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, പ്രചാരണ പ്രവർത്തനങ്ങൾ തടസപ്പെട്ടുവെന്ന വാർത്തകൾ തൃണമൂൽ കോൺഗ്രസ് തള്ളി. ഇത്തരം റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും മുൻകൂട്ടി നിശ്ചയിച്ച പ്രകാരം പ്രചാരണം ശക്തമായി മുന്നോട്ടുപോകുമെന്നും പാർട്ടി വ്യക്തമാക്കി. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ മമത ബാനർജിയുടെ തന്ത്രപ്രധാന നീക്കങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരുന്ന ഐ-പാക്കിനുണ്ടായ ഈ തിരിച്ചടി തിരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ ബാധിക്കുമെന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.




