തിരുവനന്തപുരം: വാഹനാപകടത്തിനിടെ യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി ഡിജിപിക്ക് പരാതി നൽകി. ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥയെ നിയോഗിച്ച് കേസ് അന്വേഷിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
തന്റെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും, പറഞ്ഞ പല നിർണായക കാര്യങ്ങളും പൊലീസ് ഒഴിവാക്കിയെന്നും യുവതി ആരോപിക്കുന്നു. പ്രതിക്ക് അനുകൂലമായ വകുപ്പുകളാണ് ചുമത്തിയതെന്നും പരാതിയിൽ പറയുന്നു.
കായംകുളം പൊലീസ് കേസിൽ നിഷ്പക്ഷമായി അന്വേഷണം നടത്തില്ലെന്ന ആശങ്കയും യുവതി പ്രകടിപ്പിച്ചു. ഒന്നാം പ്രതിയെ സഹായിക്കുന്ന തരത്തിലുള്ള നടപടികളാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും പരാതിയിൽ ആരോപിക്കുന്നു.




