കോട്ടയം: പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് സമയത്ത് വിമർശനങ്ങൾ സ്വാഭാവികമാണെങ്കിലും, അത്തരം വിമർശനങ്ങൾ ഉന്നയിക്കാൻ പോലും പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷം നുണകളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നതെന്നും പ്രൊഫഷണൽ ഏജൻസികളെ ഉപയോഗിച്ച് തെറ്റായ പ്രചാരണം നടത്തുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. വി.ഡി. സതീശൻ എന്ത് വൃത്തികേടും പറയുന്ന ഗൂഢസംഘത്തെ പ്രോത്സാഹിപ്പിക്കുന്നയാളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിയമസഭയിൽ പ്രതിപക്ഷം ശക്തമായ എതിർപ്പ് ഉന്നയിക്കാത്തതും വിമർശനത്തിനിടയാക്കി. സാധാരണ മന്ത്രിമാർക്കെതിരെ വിമർശനം ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ അത്തരം കാര്യങ്ങൾ പോലും ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലും മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ വിമർശിച്ചു. ഇരകളെ അധിക്ഷേപിക്കുന്ന നിലപാട് സ്വീകരിച്ചതായി അദ്ദേഹം ആരോപിച്ചു.
കിഫ്‌ബി പദ്ധതികളെ കുറിച്ചുള്ള വിമർശനങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി. വികസനത്തിന് കിഫ്‌ബി അനിവാര്യമാണെന്നും അതിനെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റബ്ബർ കൃഷി മേഖലയിൽ പ്രതിസന്ധി ഉണ്ടെന്ന് മുഖ്യമന്ത്രി അംഗീകരിച്ചു. ഇത് ദേശീയ നയങ്ങളുടെ ഫലമാണെന്നും, സംസ്ഥാന സർക്കാർ കർഷകരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. കേരളം മാത്രമാണ് കർഷകർക്ക് താങ്ങുവില നൽകുന്നതെന്നും, അത് 150 രൂപയിൽ നിന്ന് 200 രൂപയായി ഉയർത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.






