നാലാം പാദത്തിലെ അറ്റാദായം 89 ശതമാനം വര്‍ദ്ധനവോടെ 9352 കോടി രൂപ, സാമ്പത്തിക വര്‍ഷത്തെ അറ്റാദായം 22 ശതമാനം വര്‍ദ്ധനവോടെ 25,096 കോടി രൂപയായും ഉയര്‍ന്നു
കൊച്ചി: വേദാന്ത ലിമിറ്റഡ് 2026 സാമ്പത്തിക വര്‍ഷത്തില്‍ തങ്ങളുടെ എക്കാലത്തെയും മികച്ച സാമ്പത്തിക ഫലങ്ങള്‍ പുറത്തുവിട്ടു. 2026 മാര്‍ച്ച് 31-ന് അവസാനിച്ച നാലാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 89 ശതമാനം വര്‍ദ്ധിച്ച് 9352 കോടി രൂപയായി ഉയര്‍ന്നു. സാമ്പത്തിക വര്‍ഷത്തെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 22 ശതമാനം വര്‍ദ്ധനവോടെ 25,096 കോടി രൂപയെന്ന സര്‍വ്വകാല റെക്കോര്‍ഡിലെത്തി.
വാര്‍ഷിക വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 15 ശതമാനം വര്‍ദ്ധിച്ച് 1,74,075 കോടി രൂപയായും, നാലാം പാദ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 29 ശതമാനം വര്‍ദ്ധിച്ച് 51,524 കോടി രൂപയായും ഉയര്‍ന്നു.
എബിറ്റ വാര്‍ഷികാടിസ്ഥാനത്തില്‍ 29 ശതമാനം വര്‍ദ്ധനവോടെ 55,976 കോടി രൂപയായി. നാലാം പാദത്തില്‍ ഇത് 59 ശതമാനം വര്‍ദ്ധിച്ച് 18,447 കോടി രൂപയിലെത്തി. കമ്പനിയുടെ നെറ്റ് ഡെബ്റ്റ്-ടു-എബിറ്റ അനുപാതം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 1.22 മടങ്ങില്‍ നിന്ന് 0.95 മടങ്ങായി മെച്ചപ്പെട്ടു. ഇത് കഴിഞ്ഞ 14 പാദങ്ങളിലെ ഏറ്റവും മികച്ച നിലയാണ്. ഓഹരി ഉടമകള്‍ക്ക് പ്രതി ഓഹരിയ്ക്ക് 34 രൂപ വീതം ഡിവിഡന്‍റ് നല്‍കി. മൊത്തം ഷെയര്‍ഹോള്‍ഡര്‍ റിട്ടേണ്‍ 48.6 ശതമാനമാണ്.
വിവിധ ബിസിനസ് മേഖലകളില്‍ കമ്പനി മികച്ച ഉല്‍പ്പാദന റെക്കോര്‍ഡുകള്‍ സ്ഥാപിച്ചു. അലുമിനിയത്തിന്‍റെ വാര്‍ഷിക ഉല്‍പ്പാദനം 1 ശതമാനം വര്‍ദ്ധനവോടെ 2,456 കിലോടണ്‍ ആയി ഉയര്‍ന്നു. സിങ്ക് ഇന്ത്യ എക്കാലത്തെയും മികച്ച ഉല്‍പ്പാദനമായ 1,114 കിലോടണ്‍ മൈന്‍ഡ് മെറ്റല്‍ ഉല്‍പ്പാദനം കൈവരിച്ചു. കോപ്പര്‍ കാഥോഡ് ഉല്‍പ്പാദനം 15 ശതമാനം വര്‍ദ്ധിച്ച് 170 കിലോടണ്‍ എന്ന റെക്കോര്‍ഡിലെത്തി.
2026 സാമ്പത്തിക വര്‍ഷത്തില്‍ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 422 കോടി രൂപ കമ്പനി ചെലവഴിച്ചു. ഇത് ലോകമെമ്പാടുമുള്ള 6.95 ദശലക്ഷം ആളുകളുടെ ജീവിതത്തില്‍ ഗുണപരമായി മാറ്റങ്ങള്‍ കൊണ്ടുവന്നു. പരിസ്ഥിതി സൗഹൃദ ഊര്‍ജ്ജത്തിന്‍റെ ഉപയോഗത്തില്‍ 52 ശതമാനം വര്‍ദ്ധനവുണ്ടായി. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഈ വര്‍ഷം കാഴ്ചവെച്ചതെന്നും മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന കമ്പനി വിഭജനം ദീര്‍ഘകാല മൂല്യം വര്‍ദ്ധിപ്പിക്കുന്നതില്‍ നിര്‍ണ്ണായകമാകുമെന്നും വേദാന്ത സിഎഫ്ഒ അജയ് ഗോയല്‍ പറഞ്ഞു.
ശക്തമായ പ്രവര്‍ത്തന മികവും ചെലവ് കുറച്ചതും ലാഭക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചതായി വേദാന്ത എക്സിക്യൂട്ടീവ് ഡയറക്ടര്‍ അരുണ്‍ മിശ്ര വ്യക്തമാക്കി. ക്രിസില്‍, ഐസിആര്‍എ എന്നീ ഏജന്‍സികള്‍ കമ്പനിയുടെ ‘എഎ’ ക്രെഡിറ്റ് റേറ്റിംഗ് നിലനിര്‍ത്തിയിട്ടുണ്ട്.




