കൊല്ലം: വിദ്യാർഥിനികളെ കാർ ഇടിച്ച് പരിക്കേൽപ്പിച്ച ഡ്രൈവർ പിടിയിൽ. ചൊവ്വാഴ്ച വൈകീട്ട് 6.30-ഓടെയാണ് അപകടം നടന്നത്. കായികപരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വള്ളിക്കീഴ് ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ ചിന്നുലക്ഷ്മിയെയും ധനലക്ഷ്മിയെയും അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നടപ്പാതയിലൂടെ നടന്നുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ഇടിയുടെ ആഘാതത്തിൽ ചിന്നുലക്ഷ്മി അഷ്ടമുടിക്കായലിലേക്ക് തെറിച്ചുവീണു. സമീപത്തുണ്ടായിരുന്നവർ ഉടൻ കുട്ടിയെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. ധനലക്ഷ്മി നടപ്പാതയിൽ വീണ് പരിക്കേറ്റു. പരിക്കേറ്റ ഇരുവരെയും ആദ്യം കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായതിനാൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കാർ ഓടിച്ചിരുന്ന നെയ്യാറ്റിൻകര സ്വദേശിയായ നിയമവിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി ബിന്ദുകൃഷ്ണയുടെ മകന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. അപകടസമയത്ത് മകൻ കാറിലുണ്ടായിരുന്നില്ല.




