തിരുവനന്തപുരം: സംരക്ഷിത ജീവി ഇനത്തിൽപ്പെടുന്ന മുള്ളൻ പന്നിയെ തല്ലിക്കൊന്ന് വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ വെള്ളനാട് ശശി. വന്യജീവി സംരക്ഷണ നിയമം 1972ലെ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്ന സംരക്ഷിത ജീവിയാണ് മുള്ളൻ പന്നി. ഏഴ് വർഷം വരെ തടവും കുറഞ്ഞത് 25,000 പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ശശിയെ അറസ്റ്റ് ചെയ്തേക്കും.
വെള്ളനാട് പഞ്ചായത്തിലെ ഒരു വീട്ടിലാണ് മുള്ളൻപന്നി കയറിയത്. തുടർന്ന് വീട്ടുകാരും പരിസരവാസികളും വനംവകുപ്പിനെ വിവരം അറിയിച്ചു. എന്നാൽ ഇതേസമയം അവിടെയെത്തിയ വെള്ളനാട് ശശി മുള്ളൻ പന്നിയെ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇതാദ്യമായല്ല ഇദ്ദേഹം വിവാദങ്ങളിൽ പെടുന്നത്.






