ന്യൂഡൽഹി: വൈസ് അഡ്മിറൽ എ.എൻ. പ്രമോദ് ഇന്ത്യൻ നാവികസേനയുടെ പുതിയ ഉപമേധാവിയായി ശനിയാഴ്ച ചുമതലയേറ്റു. 38 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച വൈസ് അഡ്മിറൽ തരുൺ സോബ്തിയുടെ പകരക്കാരനായാണ് അദ്ദേഹം സ്ഥാനമേറ്റത്.
1990 ജൂലൈ 1-നാണ് എ.എൻ. പ്രമോദ് ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ചെയ്യപ്പെട്ടത്. ഗോവയിലെ നേവൽ അക്കാദമിയിൽ പരിശീലനം നേടിയ അദ്ദേഹം സീ കിംഗ് എയർ ഓപ്പറേഷൻസ് ഓഫീസറായും കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക് വാർഫെയർ മേഖലകളിലെ വിദഗ്ധനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഔദ്യോഗിക ജീവിതത്തിൽ നിരവധി യുദ്ധക്കപ്പലുകളുടെ കമാൻഡറായും പ്രധാന ചുമതലകൾ വഹിച്ചിട്ടുള്ള അദ്ദേഹം 1999-ലെ ഓപ്പറേഷൻ വിജയ്, 2001-ലെ ഓപ്പറേഷൻ പരാക്രം, ഗൽവാൻ സംഘർഷത്തിന് ശേഷമുള്ള ഓപ്പറേഷൻ സ്നോ ലെപ്പേർഡ് എന്നിവയിലും നിർണായക പങ്കുവഹിച്ചു.
2023 ഡിസംബർ മുതൽ 2026 ജൂലൈ വരെ ഡയറക്ടർ ജനറൽ നേവൽ ഓപ്പറേഷൻസ് (ഡിജിഎൻഒ) ആയിരുന്നു. ഈ കാലയളവിൽ ‘ഓപ്പറേഷൻ സിന്ദൂർ’ ഉൾപ്പെടെയുള്ള സുപ്രധാന നാവിക സുരക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മികച്ച സേവനത്തിന് അംഗീകാരമായി 2024-ൽ അതിവിശിഷ്ട സേവാ മെഡലും 2025-ൽ യുദ്ധസേവാ മെഡലും എ.എൻ. പ്രമോദിന് ലഭിച്ചിട്ടുണ്ട്.




