കർണാടക: കർണാടക പൊലീസിന്റെ ആസ്ഥാനത്ത്, സ്വന്തം ഓഫീസിനുള്ളിൽ യുവതികളോടൊപ്പം മോശം പെരുമാറ്റം കാണിക്കുന്ന വീഡിയോ പുറത്തായതിനെ തുടർന്ന് കർണാടക സിവിൽ റൈറ്റ്സ് എൻഫോഴ്‌സ്‌മെന്റ് ഡിജിപി കെ. രാമചന്ദ്ര റാവുവിനെ സർക്കാർ സസ്‌പെൻഡ് ചെയ്തു. സംഭവം വലിയ വിവാദമായതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.ഡിജിപിയുടെ യൂണിഫോമിട്ട ദൃശ്യങ്ങളടങ്ങിയ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, പൊലീസ് ആസ്ഥാനത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഗുരുതരമായ സംശയങ്ങൾ ഉയർത്തി മുഖ്യമന്ത്രി കടുത്ത അതൃപ്തി രേഖപ്പെടുത്തി.ഇതിന് പിന്നാലെ മണിക്കൂറുകൾക്കകം തന്നെ സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
വിരമിക്കാൻ നാല് മാസം മാത്രം ബാക്കി നിൽക്കെയാണ് കെ. രാമചന്ദ്ര റാവു ലൈംഗിക വിവാദത്തിൽ അകപ്പെട്ടത്. ഔദ്യോഗിക കാര്യാലയത്തിനുള്ളിൽ വെച്ച് നടത്തിയ ഇത്തരം പെരുമാറ്റം ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥന് യോജിക്കുന്നതല്ലെന്നും, ഇത് നിയമ ലംഘനമാണെന്നും സസ്‌പെൻഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു.സംഭവത്തിലൂടെ പൊതുജനങ്ങൾക്കിടയിൽ പൊലീസ് സേനക്കും സർക്കാരിനും നാണക്കേട് ഉണ്ടാക്കിയെന്നും ഉത്തരവിൽ പറയുന്നു.പൊലീസ് ആസ്ഥാനത്തെ സ്വന്തം ഓഫീസിൽ, ഡിജിപി യുവതികളെ ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. വീഡിയോ വൈറലായതിന് പിന്നാലെ, ഇത് മോർഫ് ചെയ്തതാണെന്ന വാദവുമായി രാമചന്ദ്ര റാവു രംഗത്തെത്തിയിരുന്നു.
എന്നാൽ വിഷയത്തിൽ പ്രതിപക്ഷം ശക്തമായി ഇടപെട്ടതോടെ ഭരണകക്ഷിയായ കോൺഗ്രസ് വലിയ സമ്മർദ്ദത്തിലായി. ഇതിനുമുമ്പ്, വളർത്തുമകളും നടിയുമായ രന്യ റാവു ഉൾപ്പെട്ട സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടും കെ. രാമചന്ദ്ര റാവു വിവാദങ്ങളിൽപ്പെട്ടിരുന്നു.






