ചെന്നൈ: ഏറെ കാത്തിരിപ്പുകൾക്ക് ശേഷം വിജയ് നായകനായ ചിത്രം ‘ജനനായകൻ’ തിയറ്ററുകളിലേക്ക് എത്തുന്നു. റിലീസ് വൈകിയ ചിത്രത്തിന്റെ ആദ്യ പ്രദർശനം ജനുവരി 23ന് കേരളത്തിൽ രാവിലെ 6 മണിക്ക് ആരംഭിക്കുമെന്ന് വിതരണക്കാർ അറിയിച്ചു.
പൊങ്കൽ റിലീസായി ജനുവരി 9ന് ചിത്രം പുറത്തിറക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ സെൻസർ അനുമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് റിലീസ് മാറ്റിവെക്കുകയായിരുന്നു. ആരാധകരുടെ ആറ് മാസത്തെ കാത്തിരിപ്പിന് ശേഷമാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.
കേരളത്തിൽ ചിത്രം വിതരണം ചെയ്യുന്നത് എസ്എസ്ആർ എന്റർടെയിൻമെന്റ്സാണ്. നേരത്തെ കേരളത്തിലെ ആദ്യ ഷോ രാവിലെ 4 മണിക്ക് നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് സമയം 6 മണിയാക്കി മാറ്റുകയായിരുന്നു.
രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി സിനിമയിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച വിജയിന്റെ അവസാന ചിത്രമെന്ന പ്രത്യേകതയും ‘ജനനായക’നുണ്ട്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനം സിനിമാ ലോകം ഉറ്റുനോക്കുകയാണ്.
ചിത്രം റിലീസിന് മുമ്പ് വ്യാജ പതിപ്പ് പ്രചരിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇത് കളക്ഷനെ ബാധിക്കുമോ എന്നതും ശ്രദ്ധേയമാണ്. കെവിഎൻ പ്രൊഡക്ഷൻസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വിജയിനൊപ്പം മമിത ബൈജു, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ബോബി ഡിയോൾ, ഗൗതം വാസുദേവ് മേനോൻ, പ്രിയാമണി, നരെയ്ൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം നൽകുന്നത്. സത്യൻ സൂര്യൻ ഛായാഗ്രഹണവും പ്രദീപ് ഇ രാഘവ് എഡിറ്റിംഗും നിർവഹിക്കുന്നു.












