ചെന്നൈ: തമിഴ്നാട്ടിൽ മലയാളി ടാക്സി ഡ്രൈവറെ പൊലീസ് ക്രൂരമായി മർദിച്ചതായി പരാതി. വൺവേ നിയമം ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു മർദനമെന്നാണ് കൊല്ലം തഴുത്തല സ്വദേശി ഫെഡറിക് പറയുന്നത്.
കഴിഞ്ഞ ജൂൺ 11ന് വിനോദസഞ്ചാരികളുമായി എത്തിയപ്പോഴാണ് സംഭവം നടന്നത്. ഓസ്ട്രേലിയയിൽ നിന്നെത്തിയ വിനോദസഞ്ചാരികളുമായി ഫെഡറിക് കന്യാകുമാരിയിൽ നിന്ന് രാമേശ്വരത്തേക്ക് പോയിരുന്നു. തിരികെ വരുന്നതിനിടെ രാമേശ്വരം റെയിൽവേ സ്റ്റേഷന് സമീപം ടെമ്പിൾ റോഡിൽ വെച്ച് ട്രാഫിക് പൊലീസ് വാഹനം തടഞ്ഞു. വൺവേ തെറ്റിച്ചെന്നാരോപിച്ച് പൊലീസ് തന്നെ കാറിൽ നിന്ന് വലിച്ചിറക്കി മർദിച്ചെന്നാണ് ഫെഡറിക്കിന്റെ പരാതി. കാറിലും പിന്നീട് ഓട്ടോയിലും കയറ്റി മർദിച്ചതായും അദ്ദേഹം ആരോപിച്ചു.
തന്റെ വാഹനത്തിന് പിന്നാലെ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ പോയിരുന്നുവെന്നും, തനിക്ക് മാത്രം വൺവേ നിയമം ബാധകമാക്കിയത് എന്തിനാണെന്ന് ചോദിച്ചതായും ഫെഡറിക് പറഞ്ഞു. എന്നാൽ സർക്കാർ വാഹനങ്ങൾക്ക് പോകാൻ അനുമതിയുണ്ടെന്നായിരുന്നു പൊലീസിന്റെ വിശദീകരണമെന്നാണ് പരാതി.
രാമേശ്വരം പൊലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരാണ് തന്നെ മർദിച്ചതെന്ന് ഫെഡറിക് ആരോപിച്ചു. കൂടെയുണ്ടായിരുന്ന ഓസ്ട്രേലിയൻ വിനോദസഞ്ചാരിയെയും പൊലീസ് കയ്യേറ്റം ചെയ്തതായും അദ്ദേഹം പറഞ്ഞു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് ഫെഡറിക്കെതിരെയും കേസെടുത്തതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ട്രാഫിക് നിയമലംഘനത്തിന് പിഴ ഈടാക്കുന്നതിന് പകരം മർദിച്ചത് എന്തിനാണെന്ന് ചോദിച്ച ഫെഡറിക്, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പരാതി നൽകുമെന്ന് അറിയിച്ചു. സംഭവത്തിൽ രാമേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


